കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലാണ് കൂടുതൽ പേർ മരിച്ചത്. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ എട്ട് പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയുമാണ് മരിച്ചത്.
കോട്ടയം കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ ആറ് പേർ ഉൾപ്പെടെ 11 പേരാണ് മരിച്ചത്. കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഏഴ് മൃതദേഹങ്ങളാണ് ഇന്ന് ഇവിടെനിന്നും കണ്ടെത്തിയത്.
കൊക്കയാറിൽനിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തിയിരുന്നു. അഞ്ച് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തിവരികയാണ്.
മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ സജ്ജമാക്കും.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. അഞ്ചു ടീമുകളെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ടന്നും അദ്ദേഹം അറിയിച്ചു.