താര സംഘടനയായ അമ്മ ജിഎസ്ടി ഇനത്തില്‍ അടയ്ക്കാനുളളത് നാലുകോടി 36 ലക്ഷം

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ജിഎസ്ടി ഇനത്തില്‍ അടയ്ക്കാനുളളത് നാലുകോടി 36 ലക്ഷം രൂപയെന്ന് ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം.

ജിഎസ്ടി നിലവില്‍ വന്ന 2017 മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെ അമ്മ ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുകയോ ചരക്ക് സേവന നകുതി അടയ്ക്കുകയോ ചെയ്തിട്ടില്ല. ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് അമ്മയുടെ വാദം.

എന്നാല്‍ വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ജിഎസ്ടി വകുപ്പ് കഴിഞ്ഞ സെപ്റ്റംബറില്‍ വിളിച്ചുവരുത്തിയിരുന്നു.

തുടര്‍ന്ന് ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്ത അമ്മ 45 ലക്ഷം രൂപ ജിഎസ്ടി അടച്ചു. ബാക്കിയുള്ള നാലുകോടി 36 ലക്ഷം രൂപയാണ് ഇനി അടയ്ക്കാനുളളത്.

തുക അടയ്ക്കണമെന്ന് കാട്ടി കഴിഞ്ഞ നവംബറില്‍ നോട്ടീസ് നല്‍കിയിട്ടും സംഘടന ഇതുവരെ പണം അടച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് ജിഎസ്ടി വകുപ്പിന്‍റെ നീക്കം. നോട്ടീസ് നല്‍കി 30 ദിവസത്തിനകം പണം അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളിലേക്ക് കടക്കാനാണ് വകുപ്പിന്‍റെ തീരുമാനം.

Related Articles

Back to top button