തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വിഹിതമായ 40 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനിതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിയമസഭയില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷന് മറിപടി പറയുകയായിരുന്നു മന്ത്രി.
2010 ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ആശ്വാസകിരണം.
ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം തീവ്രമായ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും പ്രായാധിക്യം കൊണ്ടോ ക്യാന്‍സര്‍ മുതലായ ഗുരുതര രോഗങ്ങളാലോ കിടപ്പിലാവുകയും ചെയ്യുന്നവരേയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
2010 ല്‍ ആരംഭിച്ച ആശ്വാസകിരണം പദ്ധതിയില്‍ അംഗമാകുന്ന ഗുണഭോക്താവിന് പദ്ധതിയുടെ ആരംഭഘട്ടത്തില്‍ 250 രൂപയായിരുന്നു നല്‍കിയിരുന്നത്.
വിവിധ ഘട്ടങ്ങളിലായി ഈ തുക വര്‍ദ്ധിപ്പിച്ച് നിലവില്‍ 600 രൂപയാണ് ഇപ്പോള്‍ നല്‍കി വരുന്നത്.
2011 മുതല്‍ 2016 മാര്‍ച്ച് വരെ കെട്ടിക്കിടന്ന 23804 അപേക്ഷകളടക്കം 1,20,301 ഗുണഭോക്താക്കള്‍ക്ക് വരെ ധനസഹായം നല്‍കാന്‍ കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സാധിച്ചിരുന്നു.
2012 ഒക്‌ടോബർ 11 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈ പദ്ധതിയുടെ മാനദണ്ഡം ലഘൂകരിക്കുകയും ആനുകൂല്യം ലഭിക്കുന്ന ശയ്യാവലംബര്‍, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വൈകല്യമുള്ളവര്‍, മാനസിക രോഗികള്‍, 100 ശതമാനം അന്ധത എന്നിവയ്ക്ക് പുറമേ
പ്രായാധിക്യം കൊണ്ടും ക്യാന്‍സര്‍ മുതലായ പലവിധ ഗുരുതരമായ രോഗങ്ങളാലും കിടപ്പിലായവരേയും ദൈനംദിനകാര്യങ്ങള്‍ക്ക് പരസഹായം ആവശ്യമാവുകയും ചെയ്യുന്ന അവസ്ഥയിലുള്ള മുഴുവന്‍ ആളുകളുടെ പരിചാരകരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.
തുടര്‍ന്ന് ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം വര്‍ഷംതോറും വലിയതോതില്‍ കൂടി വരികയും തന്മൂലം ബഡ്ജറ്റ് വിഹിതത്തേക്കാള്‍ കൂടുതല്‍ തുക പദ്ധതിയ്ക്ക് ആവശ്യമായി വരുന്ന സാഹചര്യം സംജാതമാകുകയും ചെയ്തു.
ബഡ്ജറ്റ് വിഹിതം കൊണ്ട് കുടിശ്ശിക പൂര്‍ണ്ണമായും തീര്‍ത്തുനല്‍കുവാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷം ബഡ്ജറ്റ് വിഹിതത്തിന് പുറമേ 58.12 കോടി രൂപ അധിക ധനാഭ്യര്‍ത്ഥനയിലൂടെ ലഭ്യമാക്കി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.
ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് 2020 ജനുവരി വരെയും മറ്റു 11 ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് 2020 ഫെബ്രുവരി വരെയുമുള്ള ധനസഹായം 2021 ജനുവരിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
നിലവില്‍ പദ്ധതിയ്ക്ക് 98027 ഗുണഭോക്താക്കളാണ് ഉള്ളത്.
തുടര്‍ന്നുള്ള മാസങ്ങളിലെ ആനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2021 ജൂലൈ ഏഴിന് പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് 40 കോടി രൂപ അനുവദിക്കുകയുണ്ടായി.
എന്നാല്‍ അപ്രകാരം അനുവദിക്കുമ്പോള്‍ ഗുണഭോക്താക്കളുടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അവശേഷിക്കുന്ന ഗുണഭോക്താക്കളുടെ ആധാര്‍ ലിങ്കിങ്ങ് എന്നിവ രണ്ടുമാസത്തിനകം കെ എസ് എസ് എം ഉറപ്പുവരുത്തേണ്ടതാണ് എന്ന നിബന്ധന ഉള്‍പ്പെടുത്തുകയുണ്ടായി.
ഗുണഭോക്താക്കളില്‍ മരണപ്പെട്ടവരെയും അനര്‍ഹരെയും ഒഴിവാക്കി ഗുണഭോക്തൃലിസ്റ്റ് പുനര്‍ക്രമീകരിക്കാനാണ് ധനകാര്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീവ്രഭിന്നശേഷിയുള്ളവരുടെയും കിടപ്പ് രോഗികളുടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുകയും ആധാര്‍ ലിങ്കിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിന് ഗുണഭോക്താക്കള്‍ക്കുള്ള പ്രായോഗിക ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇതിനെത്തുടര്‍ന്ന് പരമാവധി കുടിശ്ശിക ഓണത്തിന് മുമ്പ് തന്നെ കൊടുത്തു തീര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ, നിബന്ധന താല്‍ക്കാലികമായി ഇളവ് ചെയ്ത് കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഈ പദ്ധതിയുടെ ഗുണഭോക്താക്കളോട് തികഞ്ഞ അനുഭാവമാണ് സര്‍ക്കാരിനുള്ളത്.
അവശേഷിക്കുന്ന കുടിശ്ശിഖ തീര്‍ക്കുന്നതിന് ആവശ്യമായ തുക അധികധനാനുമതിയിലൂടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു.