രാജ്യത്തെ 40% സമ്പത്തും കൈവശം വച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍

നികുതി വരുമാനത്തിന്റെ പകുതിയും സാധാരണക്കാരില്‍ നിന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികവും കൈവശം വച്ചിരിക്കുന്നത് അതിസമ്പന്നരായ ഒരു ശതമാനം പേരെന്ന് റിപ്പോര്‍ട്ട്.

ജനസംഖ്യയുടെ പകുതി വരുന്ന താഴേത്തട്ടിലുള്ള ആളുകളുടെ സമ്പത്ത് ഒരുമിച്ച് ചേര്‍ത്താലും വരുന്നത് മൂന്ന് ശതമാനം മാത്രമാണെന്ന് സമ്പന്നരുടെ അതിജീവനം എന്ന തലക്കെട്ടോടെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ ഓക്‌സ്ഫാം ഇന്റര്‍നാഷനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ പത്ത് അതിസമ്പന്നരില്‍ നിന്ന് അഞ്ചുശതമാനം നികുതി ഈടാക്കിയാല്‍ രാജ്യത്തെ മുഴുവന്‍ കുട്ടികളെയും സ്‌കൂളുകളിലേക്ക് എത്തിക്കാനാകുമെന്ന് വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യയുടെ വാര്‍ഷിക അസമത്വ റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

ഗൗതം അദാനിയുടെ സമ്പത്തിന്റെ മൂല്യവര്‍ദ്ധനവിന് ഒറ്റത്തവണ നികുതി ചുമത്തിയാല്‍ തന്നെ 1.79 ലക്ഷം കോടി രൂപ ലഭിക്കും. ഇന്ത്യയില്‍ അഞ്ച് ദശലക്ഷത്തിലധികം പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് നിയമനം നല്‍കാന്‍ ഈ തുക മതിയാവും.

കൂടാതെ ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ക്ക് അവരുടെ മുഴുവന്‍ സ്വത്തിനും രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി 40,423 കോടി രൂപ സമാഹരിക്കാനാകും.

കൊവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ 2022 നവംബര്‍ വരെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സ്വത്തില്‍ 121 ശതമാനം വര്‍ദ്ധന ഉണ്ടായി.

ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 2020ല്‍ 102 ആയിരുന്നത് 2022ല്‍ 166 ആയി ഉയര്‍ന്നതായും ഓക്‌സ്ഫാം പറയുന്നു.

അതേസമയം 2021-22 കാലയളവില്‍ ജിഎസ്ടി ഇനത്തില്‍ ലഭിച്ച മൊത്തം വരുമാനമായ 14.83 ലക്ഷം കോടി രൂപയില്‍ 64 ശതമാനവും ജനസംഖ്യയുടെ താഴേത്തട്ടിലുള്ള 50 ശതമാനം ജനങ്ങളില്‍ നിന്ന് ലഭിച്ചതാണ്. ഇതിന്റെ മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യയിലെ പത്ത് അതിസമ്പന്നരില്‍ നിന്ന് വന്നത്.

Related Articles

Back to top button