2030 ഓടെ ലോകത്ത് പ്രതിവര്‍ഷം 560 വന്‍ ദുരന്തങ്ങളുണ്ടാകാമെന്ന് മുന്നറിയിപ്പ്

ജനീവ: ലോകം 2030 ഓടെ പ്രതിവര്‍ഷം 560 വന്‍ ദുരന്തങ്ങളെ നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തമായും പകര്‍ച്ച വ്യാധികളായും എത്തുന്ന ദുരന്തങ്ങളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയാകുമെന്നും ഗ്ലോബല്‍ അസിസ്റ്റ്മെന്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

കേരളത്തില്‍ ഉള്‍പ്പെടെ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതലായി പ്രതീക്ഷിക്കാമെന്ന സൂചനകളാണ് യുഎന്‍ നല്‍കുന്നത്.

കഴിഞ്ഞ 20 വര്‍ഷ കാലയളവില്‍ 350 മുതല്‍ 500 വരെ ഇടത്തരം അല്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. എന്നാല്‍ 2020 ന് ശേഷം ദുരന്തങ്ങളുടെ ഇടവേള കുറയുകയും എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ സംബന്ധമായ അപകടങ്ങളുടെ വ്യാപ്തി, ആവൃത്തി, ദൈര്‍ഘ്യം, തീവ്രത എന്നിവ വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1970 മുതല്‍ 2000 വരെ 90-100 ഇടത്തരം അല്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ ഉണ്ടായ വെള്ളപ്പൊക്കം ആകെ ജനസംഖ്യയുടെ 90 ശതമാനത്തെയും ബാധിച്ചിരുന്നു. ഭാവിയിലും ഇത്തരത്തിലുള്ള ദുരന്തങ്ങളെ കരുതിയിരിക്കേണ്ടി വരുമെന്ന് തന്നെയാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ നിന്ന് അനുമാനിക്കേണ്ടത്.

എല്ലാ പ്രകൃതി ദുരന്തങ്ങളുടെയും അടിസ്ഥാന കാരണമായി കണക്കാക്കിയിരിക്കുന്നത് കാലാവസ്ഥ വ്യതിയാനമാണ്. ലോക രാജ്യങ്ങള്‍ ദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ജാഗ്രതയും പണവും നീക്കി വയ്‌ക്കേണ്ടതിന്റെ ആവശ്യകത യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അമിന ജെ മുഹമ്മദ് എടുത്തു പറയുന്നു.

വികസ്വര രാജ്യങ്ങളെയാണ് ഇത്തരം ദുരന്തങ്ങളെ കൂടുതലായി ബാധിക്കുന്നത്. വാര്‍ഷിക ജിഡിപിയുടെ ഒരു ശതമാനം പ്രകൃതി ദുരന്തങ്ങള്‍ മൂലം നഷ്ടമാകുന്നു. എന്നാല്‍ വികസിത രാജ്യങ്ങളിലിത് 0.1% മുതല്‍ 0.3% വരെ മാത്രമാണ്.

2001 ല്‍ ഉണ്ടായതിന്റെ മൂന്നിരട്ടി ഉഷ്ണ തരംഗമായിരിക്കും 2030 ല്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. റിസ്‌ക് മാനേജ്മെന്റിലെ അപര്യാപ്തത ദുരന്തങ്ങള്‍ക്കിടയിലെ ഇടവേളകള്‍ കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വികസനത്തിന്റെ പേരില്‍ അനിയന്ത്രിതമായി പ്രകൃതിയെ ചൂഷണം ചെയ്താല്‍ തിരിച്ചടികള്‍ ഭയാനകമാണെന്ന് തന്നെയാണ് യുഎന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

Exit mobile version