സ്റ്റുഡന്റ് വിസയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം വിദേശത്തേക്ക് പോയത് 6.5 ലക്ഷം പേർ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
കോവിഡ് മഹാമാരിക്കു മുന്‍പ് ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആളുകളാണ് വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ തിരക്കുകൂട്ടുന്നതെന്ന് ബ്യുറോ ഓഫ് ഇന്‍ഫര്‍മേഷന്‍ (ബിഒഐ) ഡാറ്റ പ്രകാരം ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബിഒഐ. വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്.
നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 6,48,678 പേര് സ്റ്റുഡന്റ് വിസയില്‍ വിദേശത്തേക്ക് പോയതായി ബിഒഐ വ്യക്തമാക്കുന്നു.
അതേസമയം, ബിസിനസ്, തൊഴില്‍, മെഡിക്കല്‍, തീര്‍ഥാടനം, തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തുന്നവരുടെ എണ്ണം കോവിഡിന് മുന്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് കുറഞ്ഞതായും ബിഒഐ പറയുന്നു.
എന്നാല്‍ വിസിറ്റിംഗ് വീസയില്‍ പോകുന്നവരുടെ എണ്ണവും നേരിയ തോതില്‍ കൂടിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 30 വരെ 1.83 കോടി ഇന്ത്യക്കാരാണ് വിവിധ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തിയിരിക്കുന്നത്.
ഇതില്‍ 72.49 ലക്ഷം പേര് താമസത്തിനും 30.85 ലക്ഷം പേര് ടൂറിസ്റ്റ് വിസയിലും 40.92 ലക്ഷം പേര് വിസിറ്റിംഗ് വിസയിലുമാണ്. 2021നെ അപേക്ഷിച്ച് വിദേശയാത്ര നടത്തിയവരുടെ എണ്ണത്തില്‍ 137%ത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്.
2019ല്‍ 2.52 കോടി ആളുകളാണ് വിദേശയാത്ര നടത്തിയത്. ഇതില്‍ 63.80 ലക്ഷം പേര് ടൂറിസ്റ്റ് വിസയിലും 42.11 ലക്ഷം പേര് വിസിറ്റിംഗ് വിസയിലും 89.50 ലക്ഷം പേര് താമസത്തിനുമായാണ് പോയത്.
കാനഡ, യു.കെ എന്നിവിടങ്ങളിലേക്കാണ് 2022ല്‍ ഏറെയും പേര് പോയിരിക്കുന്നത്. 2019ല്‍ 6.17 ലക്ഷം പേര് കാനഡയ്ക്ക് പോയി.
എന്നാല്‍ ഈ വര്‍ഷം 11 മാസം കൊണ്ട് 6.60 ലക്ഷം കാനഡയിലെത്തി. യു.കെയിലേക്ക് 2019ല്‍ 7.45 ലക്ഷമാണ് പോയത്. ഈ വര്‍ഷം ഇതുവരെ 7.54 ലക്ഷം ഇന്ത്യക്കാര്‍ യു.കെയില്‍ എത്തിക്കഴിഞ്ഞു.