വാഷിംഗ്ടൻ: ലോകത്ത് കോവിഡ് മഹാമാരി മൂലം ഏഴ് കോടി ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് ലോക ബാങ്ക്. ലോകജനസംഖ്യയുടെ 9.3% (71 കോടി) ആളുകൾ ദാരിദ്ര്യം അനുഭവിക്കുന്നതായും ലോക ബാങ്ക് കണക്കുകൾ വ്യക്തമാക്കി.
2022-ലെ പോവർട്ടി ആൻഡ് ഷെയേഡ് പ്രോസ്പരിറ്റി റിപ്പോർട്ട് വഴിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
71 കോടി ജനങ്ങൾ ദിവസേന 2.15 ഡോളർ സന്പാദ്യത്തിലാണ് കഴിയുന്നതെന്ന് വെളിപ്പെടുത്തിയ റിപ്പോർട്ട് 2030-ഓടെ ദാരിദ്ര്യ നിർമാജനം എന്ന ലക്ഷ്യം അസാധ്യമാണെന്ന് വ്യക്തമാക്കി.
2015 മുതൽ കുറഞ്ഞ് വരുന്ന ദാരിദ്ര്യനിരക്ക് കോവിഡ് പ്രതിസന്ധി, യുക്രെയ്ൻ യുദ്ധം എന്നിവ മൂലം കുത്തനെ ഉയർന്നു.
കോവിഡ് കാലത്ത് ദരിദ്രർക്ക് 40% വരുമാന ശോഷണം നേരിട്ടപ്പോൾ സന്പന്നർക്ക് 20% മാത്രമാണ് വരുമാനം നഷ്ടമായത്. 57 കോടി ആളുകളുടെ വരുമാനത്തിൽ 2030 വരെ വർധന പ്രതീക്ഷിക്കുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ 2011-ന് ശേഷമുള്ള എൻഎസ്എസ്ഒ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ ദരിദ്രരുടെ കൃത്യം കണക്കുകൾ ലഭ്യമല്ല.
രാജ്യത്തെ ജനസംഖ്യയുടെ 13.6% ആളുകൾ 1.90 ഡോളർ ദിവസ ചിലവിലാണ് ജീവിക്കുന്നതെന്നാണ് റിപ്പോർട്ട് അനുമാനിക്കുന്നത്.