വിവിധ വകുപ്പുകളില്‍ തീര്‍പ്പാക്കാനുള്ളത് 7,83,623 ഫയലുകള്‍; സെക്രട്ടേറിയറ്റില്‍ മാത്രം 93,014 എണ്ണം

തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ രണ്ടാംപതിപ്പും ഉദ്ദേശിച്ച ഫലം കാണാതെ പാളി. ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റിൽ മാത്രം 93,​014 ഫയലുകളാണ് ഇനിയും തീർപ്പാക്കാനുള്ളത്.

2022 ജൂൺ മുതൽ സെപ്തംബർ 30 വരെയായിരുന്നു രണ്ടാം ഫയൽ തീർപ്പാക്കൽ യജ്ഞം. ഉദ്ദേശിച്ച ഫലം ഉണ്ടാകാതിരുന്നതോടെ ഡിസംബർ 15 വരെ നീട്ടിയിട്ടും കാര്യമുണ്ടായില്ല.

ഈ കാലയളവിൽ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്ന 1,75,415 ഫയലുകളിൽ 82,401ഫയലുകൾ മാത്രമാണ് തീർപ്പായത്. ഇതുകൂടാതെ വകുപ്പ് തലത്തിൽ 7,​83,​623 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.

ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ വകുപ്പിലാണ്. 2,51,769 ഫയലുകൾ. വനം വകുപ്പിൽ 1,​27,​107 ഫയലുകളും പൊതുവിദ്യാഭ്യാസത്തിൽ 69,​240 ഫയലുകളും റവന്യൂ വകുപ്പിൽ 19,​267 ഫയലുകളും ഭക്ഷ്യ വകുപ്പിൽ 48,​032 ഫയലുകളും ആരോഗ്യത്തിൽ 31,​702 ഫയലുകളുമാണ് കെട്ടിക്കിടക്കുന്നത്.

സെക്രട്ടേറിയറ്റിൽ ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തട്ടുകളുടെ എണ്ണം കുറച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല.

കേസുകളും വ്യവഹാരങ്ങളുമടങ്ങിയ ഫയലുകളിലെ തീർപ്പ് കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മറ്റും തീരുമാനത്തിന്റെ അടിസ്ഥാനത്തിലേ സാദ്ധ്യമാകൂ എന്നതിനാൽ ഇതുസംബന്ധിച്ച ഫയലുകൾ പെട്ടെന്നൊന്നും തീർപ്പാകില്ല.

അച്ചടക്കനടപടികൾ സംബന്ധിച്ച ഫയലുകളിലും തെളിവെടുപ്പടക്കമുള്ള പ്രക്രിയകൾ പൂർത്തീകരിക്കണം. നയപരമായ തീരുമാനമെടുക്കേണ്ട ഫയലുകൾ സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പരിഗണനയ്ക്ക് വിടുന്നതും കാലതാമസത്തിനിടയാക്കുന്നു.

ഇനി യജ്ഞം നീട്ടണമൊയെന്നകാര്യത്തിൽ നിയമസഭ സമ്മേളനം കഴിഞ്ഞിട്ടെ തീരുമാനമുണ്ടാകൂ.

Related Articles

Back to top button