ന്യൂഡൽഹി: പരസ്യങ്ങൾക്കായി കഴിഞ്ഞ മൂന്നുവർഷത്തിനിടെ 911.17 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രം.
പത്രം, ടെലിവിഷൻ, വെബ് പോർട്ടൽ തുടങ്ങിയ മാധ്യമങ്ങളിലുടെ പരസ്യം നൽകിയതിനാണ് തുക ചെലവഴിച്ചതെന്നും വാർത്തവിതരണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ രാജ്യസഭയെ അറയിച്ചു.
2019-20 സാന്പത്തിക വർഷം മുതൽ ജൂണ്‍ 2022 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 2019-20ൽ 5,326 പത്രങ്ങളിൽ പരസ്യങ്ങൾക്കായി 295.05 കോടിയും 2020-21ൽ 5,210 പത്രങ്ങളിലായി 197.49 കോടിയും 2021-22-ൽ 6,224 പത്രങ്ങളിൽ 179.04 കോടിയും 2022-23ൽ 1,529 പത്രങ്ങളിൽ 19.25 കോടി രൂപയും ചെലവിട്ടു.
ഇതേ കാലയളവിൽ 2019-20ൽ 270 ടെലിവിഷൻ (ടിവി) ചാനലുകളിലെ പരസ്യങ്ങൾക്കായി 98.69 കോടി രൂപയും 2020-21ൽ 318 ടിവി ചാനലുകളിലായി 69.81 കോടിയും 2021-22ൽ 265 വാർത്താ ചാനലുകളിലായി 29.3 കോടിയും 2022-23ൽ (ജൂൺ വരെ) 99 ടിവി ചാനലുകളിലായി 1.96 കോടി രൂപയു ചെലവിട്ടതായി ഠാക്കൂർ പറഞ്ഞു.
2019-20ൽ 54 വെബ്സൈറ്റുകൾക്കായി 9.35 കോടി രൂപയും 2020-21ൽ 72 വെബ്സൈറ്റുകൾക്കായി 7.43 കോടി രൂപയും 2021-22ൽ 18 വെബ്സൈറ്റുകൾക്കായി 1.83 കോടി രൂപയും 2022-23 (ജൂൺ 2022 വരെ) 30 വെബ്സൈറ്റുകൾക്കായി 1.97 കോടി രൂപയും ചെലവഴിച്ചതായി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു.