തിരുവനന്തപുരം: സമ്പൂര്‍ണ പുനസംഘടനയ്ക്കൊരുങ്ങുന്ന ബിജെപിയില്‍ ആറു ജില്ലാ പ്രസിഡന്റുമാര്‍ക്ക് സ്ഥാന ചലനമുണ്ടായേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പുതിയ രീതിയില്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് രണ്ടും കല്‍പ്പിച്ച് നേതൃത്വ മാറ്റത്തിലേക്ക് പാര്‍ട്ടി എത്തുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിലും തുടര്‍ന്നുവന്ന നിയമസഭാതെരഞ്ഞെടുപ്പിലും മോശം പ്രകടനം കാഴ്ചവച്ച ജില്ലകളില്‍ നേതൃതലത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.
നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാകും.
പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി നേതൃതലത്തില്‍ നടപടി എടുക്കാനുള്ള സാധ്യതയുമുണ്ട്.
ഇതോടൊപ്പം കാസര്‍ഗോഡ്, എറണാകുളം, കോട്ടയം, എന്നീ പി.കെ.കൃഷ്ണദാസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ നടപടിക്ക് നേതൃത്വം മുതിരുമോ എന്ന ചോദ്യവും ഉയരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ഒരുക്കാനുള്ള നിര്‍ദേശമാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. ഇതിനായി നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന കേസുകള്‍ കൈകാര്യം ചെയ്തശേഷം നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.