തിരുവനന്തപുരം: സംസ്ഥാനത്തെ വിദേശമദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടിയായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ.
സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശിലാണ് ഇക്കാര്യം പറയുന്നത്. സൗകര്യങ്ങള്‍ കുറവുള്ള 96 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനും ശുപാര്‍ശയില്‍ പറയുന്നു.
തിരക്കേറിയ വില്‍പ്പനകേന്ദ്രങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. കൗണ്ടറുകള്‍ പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കണം. ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ നടപടിയെടുക്കണമെന്നും പറയുന്നുണ്ട്.
ബിവറേജസ് കോര്‍പ്പറേഷന്റെ 270 മദ്യവില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ 39 വില്‍പ്പനശാലകളുമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 17,000 പേര്‍ക്ക് ഒരു വിദേശമദ്യ ചില്ലറവില്‍പ്പനശാലയെന്ന നിലയില്‍ തുറക്കുമ്പോള്‍ കേരളത്തില്‍ ഒരുലക്ഷം പേര്‍ക്ക് ഒരു വില്‍പ്പനശാലയേയുള്ളൂവെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശുപാര്‍ശ.
വില്‍പ്പനശാല കൂട്ടുകവഴി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അര്‍ഥമില്ല.
ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്‌കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
കോടതി പരാമര്‍ശിക്കും പ്രകാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണംകൂട്ടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ആനന്ദകൃഷ്ണന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
വിമുക്തി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി. ചുമതലപ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍, കണ്‍സ്യൂമര്‍ ഫെഡില്‍നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ 96 വില്‍പ്പനകേന്ദ്രങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയത്.