മണൽ വിതറി മീൻ വിൽക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: പുതിയത് ആണെന്ന് തോന്നിപ്പിക്കാൻ ഐസിൽ സൂക്ഷിച്ചിരുന്ന മീനിൽ മണൽ വാരിവിതറി വിൽക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. മണൽ വിതറുന്നത് അതിലെ അണുക്കൾകൂടി മത്സ്യത്തിൽ കലരാൻ സാദ്ധ്യതയുണ്ടെന്നും സീനിയർ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനായ എ.സക്കീർ ഹുസൈൻ അറിയിച്ചു.

പോത്തൻകോട്, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് പരിശോധനയും നടത്തി. അമോണിയ, ഫോർമാലിൻ തുടങ്ങിയ കണ്ടുപിടിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വാങ്ങിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ചായിരുന്നു പരിശോധന. എന്നാൽ, രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയില്ല.

കൂടുതൽ പരിശോധനകൾക്കായി മത്സ്യസാമ്പിൾ ശേഖരിച്ച് തിരുവനന്തപുരം അനലിറ്റിക്കൽ ലാബിൽ അയച്ചു.

മതിയായ അളവിൽ ഐസ് ഇല്ലാതെ മീൻ സൂക്ഷിക്കുന്നവരെ താക്കീതുചെയ്തു. മാംസം തൊട്ടാൽ കുഴിഞ്ഞുപോകുന്നതും കണ്ണുകൾ കുഴിഞ്ഞതും ചെകിളകൾക്ക് രക്തവർണം നഷ്ടപ്പെട്ടിട്ടുള്ളതും വയർ പൊട്ടി കുടൽ പുറത്തുവന്നതുമായ മീൻ വാങ്ങി ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

മത്സ്യവ്യാപാരികൾ ഫുഡ് സേഫ്റ്റി ലൈസൻസ്/രജിസ്‌ട്രേഷൻ എടുക്കണമെന്നും ഫിഷ് കമ്മീഷൻ ഏജന്റുമാർ ലൈസൻസ് എടുക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനകൾക്ക് സീനിയർ ഫുഡ് സേഫ്റ്റി ഓഫീസർ എ.സക്കീർ ഹുസൈൻ നേതൃത്വം നൽകി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ഇന്ദു വി.എസ്, അർഷിത ബഷീർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button