ആലപ്പുഴ: സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വര്‍ഷത്തിനകം അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുകയെന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പട്ടയവിതരണമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമിയും വീടും ഉറപ്പുവരുത്തും.
മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും വരുന്ന അഞ്ച് വര്‍ഷത്തിനകം പാര്‍പ്പിടം നല്‍കാനാണ് ലക്ഷ്യം. പാര്‍പ്പിടത്തോടൊപ്പം ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.
സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016നും 2021നുമിടയില്‍ വിതരണം ചെയ്തത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിയാത്ത വിധത്തില്‍ ഇവിടെ ഭൂപരിഷ്‌ക്കരണം നടത്തി മാതൃക കാട്ടാനായി.
കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ അന്തസോടെ നിവര്‍ന്നു നില്‍ക്കാന്‍ ഭൂമിയുടെ മേല്‍ ലഭിച്ച അവകാശം പ്രാപ്തമാക്കി.
ഇവരെ ഭൂമിയുടെ ഉടമ ആക്കിയെന്നത് മാത്രമല്ല, ആത്മാഭിമാനം വലിയ തോതില്‍ ഉയര്‍ത്താനും ഭൂപരിഷ്‌കരണത്തിലൂടെ സാധിച്ചു. ഈ ജനവിഭാഗത്തിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനും ഇത് അടിത്തറ പാകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
100ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 13,500 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.
യുണീക്ക് തണ്ടപ്പേര് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ അധിക ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കാനും ക്ഷേമപദ്ധതികളിലെ അനര്‍ഹരെ കണ്ടെത്താനും സാധിക്കും.
മിച്ചഭൂമിയും അനധികൃതമായി കൈവശം വെച്ചിട്ടുള്ള ഭൂമിയും കണ്ടെത്തുന്നതിനുവേണ്ട നടപടിയെടുക്കും.
നിസ്വരും ഭൂരഹിതരുമായവര്‍ക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേക ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. ഇതിനായി ഡിജിറ്റല്‍ സര്‍വ്വേ നടത്തും.
കേരളത്തിലെ ഭൂമിയാകെ ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി രൂപ റീബില്‍ഡ് കേരളക്ക് നല്‍കിക്കഴിഞ്ഞു. നാല് വര്‍ഷത്തിനകം സര്‍വ്വേ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശ്യം.
ഇതുവഴി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ യോഗ്യമായ കൂടുതല്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് വന്നു ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ആദ്യം 12,000 പേര്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പട്ടയവിതരണത്തിലെ സാങ്കേതികത്വങ്ങള്‍ പരമാവധി ലഘൂകരിച്ചതുവഴി കൂടുതല്‍ പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.