അതിരപ്പിള്ളി കാവൽമാടത്തിന്റെ ഇളകാത്ത കരുത്തിനു പിന്നിൽ നടൻ കമൽഹാസൻ

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലെ കാവൽമാടത്തിന്റെ ഇളകാത്ത കരുത്തിനു പിന്നിൽ തമിഴ് നടൻ കമൽഹാസന്റെ ‘മരുതനായകം’ എന്ന പുറത്തിറങ്ങാത്ത സിനിമ.

ഇതിനു ക്രെയിൻ ഉറപ്പിക്കാനായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലെ പാറയിൽ കുഴിയെടുത്തതും ഇരുമ്പുകാൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതും ഖലാസി കുടുംബാംഗവും തച്ചറായിൽ ക്രെയിൻ സർവീസിന്റെ ഉടമയുമായ ഷംസുദ്ദീൻ ഓർമിച്ചെടുക്കുന്നു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ എത്രയധികം വെള്ളം ഉയർന്നാലും പാറമുകളിലെ ഈ ചെറിയ കാവൽമാടം അതിനെ അതിജീവിക്കുന്നതു കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.

ഖലാസിയായ ബേപ്പൂർ സ്വദേശി സയ്യിദ് മുഹമ്മദ്ദിന്റെ മകനായ ഷംസുദ്ദീൻ 23 വർഷം മുൻപത്തെ ചിത്രങ്ങൾ സഹിതം പറയുന്നതിങ്ങനെ:

1998 ൽ കമലഹാസൻ നായകാനായുള്ള മരുതനായകം സിനിമയുടെ ഷൂട്ടിങ് സെറ്റിടുന്നതിനു വേണ്ടി ഷംസുദ്ദീനും സംഘത്തിനും കലാ സംവിധായകൻ സാബു സിറിളിന്റെ വിളി വന്നു. വെള്ളച്ചാട്ടത്തിന്റെ അടിയിൽ നിന്നു കമലഹാസനെ മുകളിലേക്ക് വലിച്ച് കയറ്റുന്ന രംഗം ചിത്രീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കണം.

ഇപ്പോഴത്തെ രീതിയിലുള്ള ക്രെയിനുകൾ ഇല്ലാത്തതിനാൽ കപ്പിയും ചപ്പാണിയും ഉപയോഗിച്ച് ഭാരം വലിച്ച് കയറ്റുന്ന ‘ഖലാസി സംവിധാന’മാണ് ഉപയോഗിച്ചത്. ഇപ്പോൾ കുടിലിരിക്കുന്ന ഭാഗത്ത് അന്ന് തടികൊണ്ടുള്ളതും എടുത്തുമാറ്റാവുന്നതുമായ ഒരു താൽക്കാലിക ഷെഡ് ഉണ്ടായിരുന്നു. വനംവകുപ്പിന്റെ അനുമതിയോടെ ഇതു മാറ്റി പാറയിൽ ജാക്ക് ഹാമർ കൊണ്ട് കുഴിയെടുത്തു.

ലോറിയുടെയും കാറിന്റെയും ആക്‌സിലുകൾ മുനകൂട്ടി കുഴികളിൽ അടിച്ചിറക്കി. ചെയിൻ ഉപയോഗിച്ചുള്ള ക്രെയിൻ സ്ഥാപിച്ചു ഷൂട്ടിങ് നടത്തി. കുഴികളിൽ നാട്ടിയ ഇരുമ്പു കാലുകൾ കോൺക്രീറ്റിൽ ഉറപ്പിച്ചാണു കാവൽമാടം പുനഃസ്ഥാപിച്ചത്. ഇപ്പോഴും അതു തന്നെയാണ് അടിത്തറ.

കമലഹാസന്റെ സ്വപ്ന സിനിമ മരുതനായകം സാങ്കേതിക കാരണങ്ങളാൽ ഷൂട്ടിങ് മുടങ്ങി. പക്ഷേ, കാവൽമാടം കാലത്തെ അതിജീവിക്കുന്നു.

Related Articles

Back to top button