തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ഫെബ്രുവരി 21 മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ അതാത് സ്കൂളുകളുടെ ടൈംടേബിള്‍ അനുസരിച്ചാണ് ക്രമീകരിക്കേണ്ടത്.
തിങ്കളാഴ്ച മുതല്‍ ഒന്ന് മുതല്‍ ഒൻപത് വരെയുള്ള കുട്ടികള്‍ക്ക് ഉച്ചവരെ ക്ലാസുകളുണ്ടാകും. 10,12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
തുടര്‍ന്ന് റിവിഷനിലേക്ക് കടക്കണം. ഇതിനെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനിക്കും.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിവസങ്ങള്‍ ഒഴികയുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസങ്ങളാണ്.
എല്ലാ ശനിയാഴ്ചകളിലും സ്കൂള്‍തല എച്ച്ആര്‍ഡി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച് ചെയ്ത് കുട്ടികളുടെ പഠനനേട്ടം ഉറപ്പ് വരുത്തുന്നതിന് അനുയോജ്യമായ കാര്യങ്ങള്‍ അവലംബിക്കേണ്ടതാണ്.
പത്താംക്ലാസിലെ ഒരോ അധ്യാപകനും ഒരോ വിഷയത്തിന്റെയും പ്ലാന്‍ തയാറാക്കി എത്രശതമാനം പാഠഭാഗങ്ങള്‍ പൂര്ത്തീകരിച്ചെന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രധാനാധ്യാപകന് മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കണം.
പ്ലസ്ടു അധ്യാപകന് എല്ലാ ശനിയാഴ്ചയും ഓരോ വിഷയത്തിന്റെയും എത്രശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചെന്ന് പ്രിന്‍സിപ്പാള്‍ മുഖാന്തിരം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് എല്ലാ ശനിയാഴചയും നല്‍കണം.
പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക കര്‍മപദ്ധതി അതാത് സ്കൂള്‍ തലത്തില്‍ തയാറാക്കി കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കണം.
കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ഉതകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതാണ്.
എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16ന് ആരംഭിക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ നടത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉച്ചയ്ക്ക് ശേഷമാക്കും ഇനി മുതൽ നടക്കുക.
പ്രീപ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമാണ്. പകുതി കുട്ടികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ക്ലാസുകള്‍ നടത്തുക.