തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറുന്നു.
സംവിധായകൻ സത്യന് അന്തിക്കാട് പ്രേക്ഷകരുടെ മുന്നിലെത്തിച്ച നടിയാണ് നയന്‍താര. ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായി വളര്‍ന്നിരിക്കുകയാണ് നയൻസ്.
ഗ്ലാമറസ് വേഷത്തിലൂടെ തമിഴിലേക്ക് പ്രവേശിച്ച നടി അതിവേഗമാണ് തന്റേതായൊരു സ്ഥാനം നേടിയെടുത്തത്.
നായകന്മാര്പോലുമില്ലാതെ സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കാന്‍ സാധിച്ചതോടെ നയന്‍താരയുടെ താരമൂല്യവും ഉയര്‍ന്നു.
ഇപ്പോള്‍ നയന്‍താര പ്രതിശ്രുത വരനും സംവിധായകനുമായ വിഘ്നേശ് ശിവനൊപ്പമാണ് സിനിമകള്‍ ചെയ്യുന്നത്.
എന്നാല്‍ വരാന്‍ പോകുന്ന മറ്റു സിനിമകള്‍ക്കുവേണ്ടി റിക്കാര്‍ഡ് തുക പ്രതിഫലമായി വാങ്ങിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇപ്പോള്‍ ജയം രവിക്കൊപ്പം അഭിനയിക്കാനൊരുങ്ങുകയാണു നടി. 2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന് എന്ന സിനിമയ്ക്കു ശേഷം ജയം രവിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്.
ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി 20 ദിവസമാണ് നയന്‍താര നല്‍കിയിരിക്കുന്നത്. ഇത്രയും ദിവസത്തിനായി 10 കോടിയോളം രൂപ പ്രതിഫലമായി ലഭിക്കുമെന്നാണ് അറിയുന്നത്.
ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറും. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനും മുകളില്‍ പ്രതിഫലം വാങ്ങിക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളും നയന്‍സാണ്.
മുന്‍പും കോടികള്‍ പ്രതിഫലം വാങ്ങി പല നടിമാരും ഞെട്ടിച്ചിരുന്നു. എന്നാല്‍ അവരെക്കാളും ഒരുപടി മുന്നിലാണ് നയന്‍താരയെന്നാണ് ആരാധകരുടെ അഭിപ്രായം.