വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലനം

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു.

ആറു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനു തിരഞ്ഞെടുക്കും.സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിനായി സംരംഭകത്വ പരിശീലനവും ധൈര്യപൂര്‍വം ജീവിതസാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളുമാണു സംഘടിപ്പിക്കുന്നത്.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും. മിനിമം യോഗ്യത പത്താം ക്ലാസ് പഠനം. 35നുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴിലില്ലാത്തവരുമായവര്‍ തുടങ്ങിയവര്‍ക്കു മുന്‍ഗണന നല്‍കും.

പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്കു സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിനും വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണു വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.

ജില്ലകളില്‍ അടുത്തമാസം നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴില്‍ ഉണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം, എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) വനിതാ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളില്‍ മേയ് 21നു മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswdc.org, 04712454570/89.

Related Articles

Back to top button