തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ച് ഭിന്നശേഷിക്കാരുടെ സമരം. 2004 മുതല്‍ 2021 വരെ സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ചെയ്തിരുന്നവരാണ് സമരം ചെയ്യുന്നത്.
ജോലിയില്‍ നിന്നും പിരിച്ചു വിട്ടവര്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. റോഡ് ഉപരോധത്തെ തുടര്‍ന്ന് എംജി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.
40 മുതല്‍ 80 ശതമാനം വരെ അംഗവൈകല്യമുള്ളവര്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സമരം ആരംഭിച്ചത്.
2022 ഫെബ്രുവരി 28 മുതൽ 23 ദിവസം തുടർച്ചയായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയിരുന്നു. തുടർന്ന് എഡിഎം നടത്തിയ ചർച്ചയിൽ 30 ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു.
മൂന്ന് മാസം കഴിഞ്ഞിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് വീണ്ടും സമരം ആരംഭിച്ചത്.
സംസ്ഥാന പ്രസിഡന്റ് ബാബുരാജ്, ജനറൽ സെക്രട്ടറി എം. നിസാം, ട്രഷറർ എസ്. അരുൺ മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.