ന്യൂഡൽഹി: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം നാളെ (ഒക്ടോബർ 25) നടക്കും. ഇന്ത്യയിൽ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. എന്നാൽ കേരളത്തിൽ സൂര്യഗ്രഹണം ദൃശ്യമായേക്കില്ല.
ഇന്ത്യൻ സമയം ഏകദേശം 2.29 ന് ഐസ്ലാൻഡിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. റഷ്യയിൽ 4.30 ഓടെ ഗ്രഹണം ദൃശ്യമായി 5.42 ഓടെ അവസാനിക്കും.
യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും. 2022ലെ രണ്ടാമത്തെ സൂര്യഗ്രഹണമാണിത്.
ന്യൂഡൽഹിയിൽ വൈകുന്നേരം 4.28 മുതൽ 5.42 വരെയും മുംബൈയിൽ വൈകുന്നേരം 4.49 മുതൽ 6.09 വരെയും ഹൈദരാബാദിൽ വൈകുന്നേരം 4.58 മുതൽ 5.48 വരെയും ബംഗളൂരുവിൽ വൈകുന്നേരം 5.12 മുതൽ 5.56 വരെയും ചെന്നൈയിൽ വൈകുന്നേരം 5.13 മുതൽ 5.45 വരെയും കൊൽക്കത്തയിൽ വൈകുന്നേരം 4.51 മുതൽ 5.04 വരെയും സൂര്യഗ്രഹണം ദൃശ്യമാകും.
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ സംഭവിക്കുന്ന സമയത്ത് ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ഭാഗികമായോ തടയുകയും ഭൂമിയിലെ ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശം ലഭിക്കാതെ വരുകയും ചെയ്യും.
ഏപ്രിൽ 30 നായിരുന്നു ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഉണ്ടായത്.