തിരുവനന്തപുരം: പത്തുകൊല്ലം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ ആധാർ അഥോറിറ്റി നടപടി തുടങ്ങി. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതുക്കൽ ആരംഭിച്ചിരിക്കുന്നത്. ഡിസംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും തുടങ്ങും.
തുടക്ക കാലത്ത് ആധാർ എടുത്തവർ പുതുക്കൽ നടത്തേണ്ടി വരും. പുതുക്കലിന് തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖകളുമാണ് വേണ്ടത്.
പുതുക്കൽ നിർബന്ധമാക്കി ഉത്തരവിറക്കിയിട്ടില്ല. എങ്കിലും ആളുകൾ തയ്യാറായില്ലെങ്കിൽ പുതുക്കൽ നിർബന്ധമാക്കിയേക്കുമെന്നാണു സൂചന. പേര്, വിലാസം, മൊബൈൽനമ്പർ എന്നിവയിലെ മാറ്റങ്ങളും പുതുക്കലിനൊപ്പം ചെയ്യാം.
അക്ഷയകേന്ദ്ര വഴിയോ ആധാർ അഥോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ പുതുക്കാം. ഇതിനായി ആധാർ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചിട്ടുണ്ട്. സർക്കാർ സേവനങ്ങൾ വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
ആധാർ പുതുക്കേണ്ട വിധം
സ്വന്തമായി ആധാർ പുതുക്കാൻ https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിൽ ആധാർ നമ്പറും ഒ.ടി.പി.യും സഹിതം ലോഗിൻ ചെയ്യുക. തിരിച്ചറിയൽ രേഖയും വിലാസത്തിന്റെ തെളിവും അപ്ലോഡ് ചെയ്യുക. പേര്, ജനന തീയതി, ലിംഗം, വിലാസം എന്നിവ അപ്ലോഡ് ചെയ്യുന്ന രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഓൺലൈനായി 25 രൂപ ഫീസടയ്ക്കണം. സബ്മിറ്റ് ചെയ്യുംമുമ്പ് നൽകിയ വിവരങ്ങൾ വീണ്ടും പരിശോധിക്കുക. അപേക്ഷയുടെ നില പരിശോധിക്കാൻ യു.ആർ.എൻ. നമ്പർ രസീത് ഡൗൺലോഡ് ചെയ്തുസൂക്ഷിക്കണം.
തിരിച്ചറിയൽ രേഖയും മേൽവിലാസത്തിന്റെ തെളിവും അനുസരിച്ച് എന്റോൾമെന്റ് ഫോറം പൂരിപ്പിക്കുക, അപേക്ഷ സമർപ്പിക്കും മുമ്പ് വിവരങ്ങൾ സ്വയം പരിശോധിക്കുക.
ഫീസായി 50 രൂപ നൽകണം. രസീതു സൂക്ഷിക്കുക. വിവരങ്ങൾക്ക് 1947 എന്ന നമ്പറിൽ വിളിക്കുകയോ help@uidai.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയോ ചെയ്യാം.