ന്യൂഡൽഹി: കോവിഡ് കേസുകൾ അതിരൂക്ഷമായ സാഹചര്യത്തിൽ പോലും രാജ്യത്തെ 50 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഉപയോഗിക്കുന്നവരിൽ തന്നെ 64 ശതമാനം ആളുകളും ശരിയായ വിധത്തിലല്ല ധരിക്കുന്നത്.
14 ശതമാനം ആളുകൾ മാത്രമാണു വായയും മൂക്കും മൂടുന്ന വിധത്തിൽ മാസ്ക് ധരിക്കുന്നതെന്നും സർവെയിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
25 നഗരങ്ങളിലായി 2000 പേരിൽ നടത്തിയ സർവെയുടെ റിപ്പോർട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടത്.
20 ശതമാനം ആളുകൾ താടിയിലാണ് മാസ്ക് ധരിക്കുന്നതെങ്കിൽ രണ്ട് ശതമാനം ആളുകൾ കഴുത്തിൽ തൂക്കിയിടുകയാണ്. മാസ്ക് ധരിക്കാത്ത ആളിൽ നിന്നു കൊറോണ വൈറസ് പകരാനുള്ള സാധ്യത 90 ശതമാനമാണ്.
ആളകലം പാലിക്കുന്നില്ലെങ്കിൽ ഒരാൾക്ക് ഒരു മാസം കൊണ്ട് 406 പേരിലേക്കു രോഗം പകർത്താനാകും. നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പറയുന്നത് ഈ സാഹചര്യത്തിലാണെന്നു ലവ് അഗർവാൾ വിശദമാക്കി.