കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി

കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി. മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ്‌ റിയാസും നേമം മണ്ഡലത്തിൽ ഉള്ള പദ്ധതി പ്രദേശം സന്ദർശിച്ചു.

പദ്ധതി സംബന്ധിച്ച നിർദേശം ടൂറിസം വകുപ്പ് അംഗീകരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അറിയിച്ചു. അതിമനോഹരമായ സ്ഥലമാണെന്നും വാട്ടർ ടൂറിസത്തിനും ഫാം ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണെന്നും മന്ത്രി വ്യക്തമാക്കി.

തൊട്ടടുത്ത ദിവസം തന്നെ ടൂറിസം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക ടൂറിസം ദിനത്തിൽ മന്ത്രി വി ശിവൻകുട്ടി ആണ് മണ്ഡലത്തിലെ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.

മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് എ കെ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാലും പാർവതിയും നയികാനായകന്മാരായി അഭിനയിച്ച ചിത്രമാണ് കിരീടം.

ചിത്രത്തിൽ സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. ഈ പാലം പിന്നീട് കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ അറിയപ്പെട്ടു.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്.

Related Articles

Back to top button