കൊച്ചി: മീ ടു എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്ന് നടൻ വിനായകൻ. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ താത്പര്യം ഉണ്ടെങ്കിൽ താൻ അക്കാര്യം അവരോട് ചോദിക്കും. അതിനെയാണ് മീ ടു എന്ന് പറയുന്നതെങ്കിൽ അത് വീണ്ടും ചോദിക്കുമെന്നും വിനായകൻ പറഞ്ഞു. ഒരുത്തീയെന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടെയാണ് വിനായകന്റെ വാക്കുകൾ.
‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണായി സെക്സ് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം? എന്റെ ലൈഫിൽ ഒരു പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ പത്ത് സ്ത്രീകളോടും ഞാൻ തന്നെയാണ് ഫിസിക്കൽ റിലേഷനിൽ ഏർപ്പെടാൻ തയ്യാറാണോയെന്ന് ചോദിച്ചത്.
അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു പെണ്ണിനോട് ഞാൻ ചോദിക്കും. അവർക്ക് താത്പര്യമില്ലേങ്കിൽ അവർ നോ എന്ന് പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും അത് ചോദിച്ചിട്ടില്ല. ഒരു സ്ത്രീയുടെ വ്യാഖ്യാനം എന്താണെന്നും വിനായകൻ ചോദിച്ചു. തനിക്ക് കുറേ പെൺസുഹൃത്തുക്കൾ ഉണ്ട്. ഭയങ്കര റൊമാന്റിക്ക് ആണ് ഞാൻ. വൃത്തിയില്ലാത്തവന്റെ അടുത്തേക്ക് ഒരു പെണ്ണും വരില്ല. പെണ്ണ് വിചാരിക്കാതെ ഒരാണിനും അവളെ കിട്ടില്ല. ഇന്നും ലോകത്ത് നടക്കുന്നത് സ്വയംവരമാണ്, വിനായകൻ പറഞ്ഞു.
ഫാൻസിനേയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഫാൻസ് എന്ന പൊട്ടൻമാർ വിചാരിച്ചാൽ ഇവിടെയൊരു പടം നന്നാകാനും പോകുന്നില്ല ചീത്തയാകാനും പോകുന്നില്ല. ജോലിയില്ലാത്ത തെണ്ടികളാണ് ഫാൻസുകാർ. ഫാൻസിനെ തന്നെ നിരോധിക്കണം. ആരാണ് ഫാൻസിനെ ചുമന്ന് നടക്കുന്നത്. മാധ്യമങ്ങൾ മര്യാദ കാണിക്കണമെന്നും വിനായകൻ പറഞ്ഞു.