ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ല; മാതൃകാപരമായ തീരമാനവുമായി നടി വിന്‍സി അലോഷ്യസ്

കൊച്ചി: ലഹരി ഉപയോഗിക്കുന്ന ആളുകള്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് നടി വിന്‍സി അലോഷ്യസ്. തന്റെ ഈ നിലപാടിന്റെ പേരില്‍ ചിലപ്പോള്‍ അവസരങ്ങള്‍ ഇല്ലാതായേക്കാമെന്നും എങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നും വിന്‍സി പറഞ്ഞു.

കെ.സി.വൈ.എം എറണാകുളം-അങ്കമാലി അതിരൂപത 67-ാം പ്രവര്‍ത്തന വര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.

‘കെ.സി.വൈ.എം എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിന് വേണ്ടിയാണ് ഞാന്‍ ഇന്ന് ഇവിടെ എത്തിയത്. ലഹരി വിരുദ്ധ ക്യാമ്പയിന്‍ കൂടിയാണ് അതിന്റെ പ്രധാന ഉദ്ദേശം. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്.

ചിലപ്പോള്‍ ഈയൊരു തീരുമാനമെടുക്കുന്നതിന്റെ പേരില്‍ മുന്നോട്ടു പോകുമ്പോള്‍ എനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്ന് വരും. എങ്കിലും ഞാന്‍ പറയുകയാണ്. ലഹരി ഉപയോഗിക്കുന്ന, അതായത് എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി ഞാന്‍ സിനിമ ചെയ്യില്ല’- നടി വിന്‍സി അലോഷ്യസ് പറഞ്ഞു.

കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ എന്ന പോലെ സിനിമയില്‍ ലഹരി മരുന്നിന്റെ ഉപയോഗം കൂടിയ സാഹചര്യത്തില്‍ നടി വിന്‍സി അലോഷ്യസിന്റെ തീരുമാനത്തെ പിന്തുണച്ച് നിരവധി ആളുകളാണ് നേരിട്ടും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും പ്രതികരിക്കുന്നത്. നടിയുടെ തീരുമാനം മാതൃകാപരമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
Exit mobile version