
തിരുവനന്തപുരം: നഗരസഭയിൽ നികുതി അടച്ചിട്ടും കുടിശിക കാണിക്കുന്നുവെന്ന പരാതി പരിഹരിക്കാനുള്ള അദാലത്ത് ഡിസംബറിൽ നടക്കും.
ഈ മാസം 22ന് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും സോഫ്ട്‌വെയറിൽ കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് താമസം നേരിട്ടതിനാലാണ് അദാലത്ത് ഡിസംബറിലേക്ക് മാറ്റിയത്.
ഇതുവരെ 88 വാർഡുകളിലെ കുടിശിക ലിസ്റ്റാണ് പ്രസിദ്ധീകരിച്ചതിൽ നിന്ന് 70 പരാതികളാണ് നഗരസഭയ്ക്ക് ലഭിച്ചത്. നികുതി അടച്ചിട്ടും കുടിശികയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതികളെല്ലാം ലഭിച്ചിരിക്കുന്നത്.
ശേഷിക്കുന്ന 12 വാർഡുകളിലെ ലിസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. ഓരോ സോണൽ ഓഫീസ് കേന്ദ്രീകരിച്ചും അദാലത്ത് നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും പരാതികൾ കുറവായതിനാൽ ഒരു ദിവസത്തേക്ക് നഗരസഭയിൽ തന്നെ അദാലത്ത് നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഒരു ദിവസം കൊണ്ട് നഗരസഭയിൽ തന്നെ അദാലത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുടിശിക ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഏറ്റെടുത്തതോടെ അദാലത്തിൽ തദ്ദേശ വകിപ്പ് മന്ത്രിയെയും പങ്കെടുപ്പിക്കാനാണ് നഗരസഭാ ഭരണസമിതി ഉദ്ദേശിക്കുന്നത്. ഉടൻതന്നെ അദാലത്ത് തീയതി പ്രഖ്യാപിക്കും.
അധികമടച്ച തുക അഡ്വാൻസ് ഇനത്തിൽ അല്ലെങ്കിൽ പിൻവലിക്കാം
നഗരസഭയിലെ സോഫ്ട്‌വെയർ തകരാർ അധിക തുക അടച്ചവർക്ക് ഇത് ഭാവിയിൽ അഡ്വാൻസ് ഇനത്തിൽ ഉൾപ്പെടുത്തുകയോ തുക പിൻവലിക്കുകയോ ചെയ്യാം.
കൃത്യമായ രേഖകളുൾപ്പെടെ നഗരസഭയിലെത്തിയാൽ തുക പിൻവലിക്കാനോ അഡ്വാൻസ് ഇനത്തിൽ ഉൾപ്പെടുത്താനോ സാധിക്കും. 30,000 മുതൽ 50,000 രൂപ വരെ കുടിശിക ഇനത്തിൽ അടച്ചവരുണ്ട്.