
ന്യൂഡൽഹി: സൈന്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ യുവാക്കളെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ കേരളത്തിലെ റിക്രൂട്ട്‌മെന്റ് റാലി തീയതികള്‍ പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലെ റാലി ഒക്ടോബര്‍ ഒന്നുമുതല്‍ 20 വരെ കോഴിക്കോട് നടക്കും.
കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകള്‍ക്കുപുറമേ ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.
നവംബര്‍ 15 മുതല്‍ 30 വരെ തെക്കന്‍കേരളത്തിലെ ഏഴ് ജില്ലകള്‍ക്കായി കൊല്ലത്താണ് റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാര്‍ക്ക് പങ്കെടുക്കാം. റജിസ്ട്രേഷന്‍ ആരംഭിച്ചത് ജൂലൈ ഒന്നിനായിരുന്നു. ജൂലൈ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തീയതിയില്‍ ചിലപ്പോള്‍ ചെറിയമാറ്റം ഉണ്ടായേക്കാമെന്ന് കരസേന അറിയിച്ചു. പുതിയ വിവരങ്ങള്‍ക്ക് joinindianarmy.nic.in എന്ന എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. നാവികസേനയില്‍ അഗ്നിപഥ് രജിസ്ട്രേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. വനിതകള്‍ക്കും അപേക്ഷിക്കാം.
അതേസമയം കര്‍ണാടകയിലെ റിക്രൂട്ട്‌മെന്റ് റാലി ആഗസ്റ്റ് 10 മുതല്‍ 22 വരെ ഹാസനിലെ ജില്ലാ സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ബാംഗ്ലൂര്‍ സോണ്‍ റിക്രൂട്ടിങ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ കീഴിലാണ് റാലി നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.