തിരുവനന്തപുരം: ഒരു കാലത്ത് അതീവ സുന്ദരമായ ഒരു സഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും ബോട്ട് ക്ലബ്ബും. ഇന്ന് ആക്കുളം കായലിൻ്റെ സ്ഥിതി അതീവ പരിതാപകരമാണ്. ആഫ്രിക്കൻ പോളയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വിസർജ്ജ്യങ്ങളും നിറഞ്ഞ് പരിസരമാകെ മലീമസമായ വായു തങ്ങിനിൽക്കുന്നു.
മുൻപ് കായലിനു മുക്കാൽ ഭാഗത്തോളം പാകിയിരുന്ന ടൈൽസ് നടപ്പാത തകർന്ന് ഗർത്തങ്ങളായി മാറി. ഭുമി കൈയ്യേറ്റങ്ങൾ കായലിൻ്റെ വിസ്തീർണ്ണം എറെ കുറച്ചിരിക്കുന്നു.
ഒരു കാലത്ത് ധരാളം മൽസ്യസമ്പത്ത് ഉണ്ടായിരുന്ന കായലിനരികെ വൈവിധ്യങ്ങളായ പക്ഷി ജനുസ്സുകൾ ചേക്കേറിയിരുന്നു. നിരവധിപേർ പക്ഷി ഫോട്ടോഗ്രാഫിക്കായി ആക്കുളത്തു നിത്യ സന്ദർശകരായിരുന്നു.
ഹോസ്പിറ്റൽ മാലിന്യങ്ങളും മറ്റും മൂലം മത്സ്യ സമ്പത്തും ജൈവവ്യവസ്ഥയും നാമവശേഷമാക്കപ്പെട്ടിരിക്കുകയാണ്. കായലിനെ നോക്കി നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരമാണ്. വൈറസ്സിനെക്കാൾ മനുഷ്യന് പ്രകൃതിയെ ഹനിക്കാൻ കഴിയും എന്നതിനു തെളിവാണ് ഇപ്പോൾ കാണുന്ന ആക്കുളം കായൽ.
മാറി മാറി വരുന്ന സർക്കാരുകളുടെ നിറം കലർന്ന വാഗദാനങ്ങൾ എല്ലാം വെള്ളത്തിൽ എഴുതിയ വരപോലെയായി. ബോട്ട് ക്ലബിനോട് അടുത്തുള്ള കുട്ടികളുടെ പാർക്ക്, നീന്തൽ കുളം ഇവ ഇപ്പോൾ നവീകരിച്ചുവെങ്കിലും കായൽ ഇല്ലാതെ എന്തു വിനോദ സഞ്ചാര കേന്ദ്രം?
ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി, ബോട്ടുകൾ എല്ലാം കായലിൻ്റെ അടിത്തട്ടിലാണ്. ലക്ഷകണക്കിന് രൂപ മുടക്കി ബെക്കർ മാതൃകയിൽ പണിത വാട്ടർ ഡാൻസിംഗ് ഹാൾ കാണാനേ ഇല്ല. അതിപ്പോൾ എയർ ഫോഴ്സിൻ്റെ ഭാഗമായി എന്നു കേൾക്കുന്നു.
കായലിലെ മാലിന്യങ്ങളും കൈയ്യേറ്റങ്ങളും ഒഴിപ്പിച്ച്, കൽബഞ്ചുകളും നടപ്പാതയും നിർമ്മിച്ചു വിനോദ ബോട്ട് സർവ്വീസ് ആരംഭിക്കുകയും ചെയ്താൽ ഇന്ത്യയിലെ തന്നെ അതി മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമായി ആക്കുളം മാറും. നിരവധിപേർക്ക് തൊഴിൽ ലഭ്യമാകുകയും ചെയ്യും.