ലുസെയ്ൽ: ഫിഫ ലോകകപ്പിൽ വന്പൻമാരായ അർജന്റീനയയെ സൗദി അറേബ്യ അട്ടിമറിച്ചു. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സിയിലാണ് അർജന്റീന നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്.
സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അർജന്റീനയുടെ തോൽവി. ഒരു ഗോളിന് ലീഡ് നേടിയ ശേഷമായിരുന്നു ലയണൽ മെസിയും കൂട്ടരും കാൽവഴുതി വീണത്.
ആദ്യ പകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ ലീഡ് നേടിയ അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ അഞ്ച് മിനിട്ടിന്റെ വ്യത്യാസത്തില്‍ നേടിയ രണ്ട് ഗോളുകള്‍ക്ക് സൗദി അറേബ്യ വീഴ്ത്തി.
നാല്പത്തിയെട്ടാം മിനിറ്റില്‍ സാലെ അല്‍ ഷെഹ്രിയും അമ്പത്തിമൂന്നാം മിനിറ്റില്‍ സലീം അല്‍ ദോസരിയുമാണ് മെസിപ്പടയെ ഞെട്ടിച്ച് ഗോളുകള്‍ നേടിയത്.
കളിയുടെ എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസിയുടെ പെനാല്‍റ്റി ഗോള്‍ മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് ആക്രമിച്ചുള്ള കളിയാണ് അര്‍ജന്റീന പുറത്തെടുത്തത്.
രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ മെസയിലൂടെ തന്നെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.
എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്സിനകത്തു വെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത മെസിയ്ക്ക് തെറ്റിയില്ല. ഗോള്‍ കീപ്പര്‍ ഒവൈസിനെ നിസഹായനാക്കി മെസി വല കുലുക്കി.
22-ാം മിനിറ്റില്‍ മെസി വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 28-ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസും ഗോളടിച്ചെങ്കിലും വാറിന്റെ സഹായത്തില്‍ റഫറി ആ കിക്കിനും ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ത്തി. 34-ാം മിനിറ്റിലും ഇത് ആവര്‍ത്തിച്ചു.
ലൗട്ടാറോ മാര്‍ട്ടിനെസ് വീണ്ടും വല കുലുക്കിയെങ്കിലും അതും ഓഫ് സൈഡായി. മത്സരത്തില്‍ ഏഴ് ഓഫ് സൈഡുകളാണ് അര്‍ജന്റീനയുടെ ഭാഗത്തു നിന്ന് പിറന്നത്.
ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും രണ്ടാമതൊരു ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല. 84-ാം മിനിറ്റില്‍ മെസിക്ക് ഫ്രീ ഹെഡര്‍ ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല.
അവസാനം റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതോടെ അന്ജന്റീനിയന് ആരാധകര്‍ നിരാശരായപ്പോള്‍ അട്ടിമറി വിജയത്തില്‍ സൗദി ആരാധകര്‍ മതിമറന്നുല്ലസിച്ചു.