തിരുവനന്തപുരം: വിവാദങ്ങള്‍ കനക്കുന്നതിനിടയില്‍ സംസ്ഥാനത്ത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
സംസ്ഥാനത്തെ റോഡിലെ നിയമലംഘനങ്ങള്‍ക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ മുതല്‍ പിഴ ഈടാക്കിത്തുടങ്ങും. ഇതിനായി എഐ ക്യാമറകള്‍ റെഡിയായി. മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ട്രോള് റൂമുകളും സജ്ജമായി.
ഇരുചക്ര വാഹനങ്ങളിൽ ചെറിയ കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇളവ് നല്‍കുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
എളമരം കരീം എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. 10 വയസുവരെയുള്ളവരെ ഇരുചക്ര വാഹനത്തിൽ മൂന്നാം യാത്രക്കാരായി അനുവദിക്കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
എഐ കാമറ വഴി പിഴയീടാക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ബോധവത്കരണ നോട്ടീസ് നൽകൽ സമയം പൂർത്തിയായതിനെ തുടർന്നാണ് ഇന്ന് അർധരാത്രി മുതൽ പിഴ ചുമത്തലിലേക്ക് കടക്കുന്നത്.
സംസ്ഥാനത്തെ റോഡുകളില്‍ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കെല്‍ട്രോണും ഗതാഗത വകുപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളില്‍ നിന്നും പിഴ ഈടാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.
അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക കമ്മിറ്റി ക്യാമറകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അപാകതയില്ലെന്ന് കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എ ഐ ക്യാമറ വഴിയുള്ള പിഴ ഈടക്കല്‍ നിരക്ക് ഇങ്ങനെ:
ഡ്രൈവിംങ്ങിനിടയില്‍ മൊബൈല്‍ ഉപയോഗം | 2000 പിഴ |
അമിത വേഗം | 1500 പിഴ |
ബൈക്കില്‍ മൂന്ന് പേരുടെ യാത്ര | 1000 പിഴ |
സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര | 500 പിഴ |
ഹെല്‍മറ്റില്ലാതെയുള്ള യാത്ര | 500 പിഴ |
അനധികൃത പാര്‍ക്കിങ് | 250 പിഴ |
റെഡ് ലൈറ്റ് തെറ്റിക്കല്‍ വഴിയുള്ള പിഴ കോടതിക്ക് കൈമാറുന്നതാണ്.
ഗതാഗത നിയമ ലംഘനങ്ങളില്‍ നോട്ടീസ് അയക്കുന്ന ചുമതല കെല്‍ട്രോണിനായിരിക്കും. കെല്‍ട്രോണ്‍ അയക്കുന്ന ചെല്ലാനുകള്‍ക്ക് ഗതാഗത വകുപ്പ് ഫൈന്‍ ഈടാക്കും.
വിഐപികളില്‍ നിന്നും പിഴ ഈടാക്കേണ്ട എന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.