തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കും ലഭ്യമാകും. പൊതുജനങ്ങൾക്ക് അംഗത്വം നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ. ശങ്കര നാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ ഒന്നിനു രാവിലെ 11.30 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും.
തദ്ദേശ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആദ്യ പൊതുജന അംഗത്വം നൽകും.
ശതാബ്ദി ആഘോഷ നിറവിൽ നിൽക്കുന്ന നിയമസഭാ ലൈബ്രറിയിൽ അമൂല്യവും ചരിത്ര പ്രാധാന്യവുമുള്ള 1,15,000 ൽ അധികം ഗ്രന്ഥങ്ങളുണ്ട്.
ഇവിടെ പൊതുവിഭാഗത്തിലുള്ള ഗ്രന്ഥങ്ങൾക്ക് പുറമേ രാജകീയ വിളംബരങ്ങൾ, ആക്ടുകൾ, ഓർഡിനൻസുകൾ, തിരുവിതാംകൂർ, കൊച്ചി, തിരു-കൊച്ചി, കേരളം എന്നീ നിയമനിർമ്മാണ സഭകളുടെ നടപടികൾ, ഗസറ്റുകൾ, സെൻസസ് റിപ്പോർട്ടുകൾ, സർക്കാരിന്റെ വിവിധ കമ്മിറ്റി/ കമ്മീഷൻ റിപ്പോർട്ടുകൾ മുതലായവയും ഉൾക്കൊള്ളുന്നു.
കേരള നിയമസഭാ ‘അന്താരാഷ്ട്ര പുസ്തകോത്സവം 2022-ന്റെ ലോഗോ പ്രകാശനവും വൈബ്‌സൈറ്റ് ഉദ്ഘാടനവും ചടങ്ങിൽ സ്പീക്കർ നിർവ്വഹിക്കും.
സാമാജികർ, തിരുവനന്തപുരം ജില്ലയിലെ ലൈബ്രറി കൗൺസിൽ അംഗങ്ങൾ, ജില്ലയിലെ പ്രശസ്ത സാഹിത്യകാരന്മാർ, സാംസ്‌കാരിക പ്രവർത്തകർ, കേരള സർവകലാശാല സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ, കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.
ബിരുദം നേടിയിട്ടുള്ളവർക്കാണ് ആദ്യഘട്ടത്തിൽ അംഗത്വം നൽകുന്നത്. ഭരണ ഭാഷാ പ്രതിജ്ഞ, ജി. ആർ. ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ പുസ്തകത്തിന്റെ ആസ്വാദനം, 2021 ലെ ഭരണഭാഷ സേവന-സാഹിത്യ പുരസ്‌കാരങ്ങളുടെ വിതരണം, 2022-ലെ വായനാകുറിപ്പ് മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും ചടങ്ങിൽ നടക്കും.