തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.
ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. 1500 പേർക്ക് പൊങ്കാല ഇടാൻ ഇളവ് നൽകിയിരുന്നെങ്കിലും സർക്കാർ മാനദണ്ഡ പ്രകാരം 1500 പേരെ തെരഞ്ഞെടുക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടാണിത്.
ഈ മാസം 17 ന് രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല തർപ്പണം എന്നും ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു.
പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങൾ പാലിക്കണം എന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
പൊങ്കാലയോടനുബന്ധിച്ചു തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച പ്രാദേശിക അവധിയാണ്.
ക്ഷേത്രദർശനത്തിനെത്തുന്നവർ മുഴുവൻ സമയവും കോവിഡ് പ്രോട്ടോക്കോൾ (മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം) പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.