ആറ്റുകാല്‍ പൊങ്കാല നടത്തിപ്പ്: തീരുമാനം പിന്നീട്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നു.

ഒമിക്രോണിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊങ്കാലയുടെ നടത്തിപ്പ് സംബന്ധിച്ച് ഉന്നതതല യോഗത്തിനു ശേഷം തീരുമാനമെടുക്കാമെന്ന് മന്ത്രി പറഞ്ഞു.

ഈ സാഹചര്യം നിലനില്‍ക്കുമ്പോഴും ഭരണാനാനുമതിക്കു കാത്ത് നില്‍ക്കാതെ തന്നെ വിവിധ വകുപ്പുകള്‍ക്ക് പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

സ്വീവേജ് വൃത്തിയാക്കാല്‍ പോലുള്ള പ്രവൃത്തികള്‍ താമസം കൂടാതെ ചെയ്തു തുടങ്ങാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. ജനുവരി അവസാനത്തോടു കൂടി പ്രവൃത്തികള്‍ തുടങ്ങത്തക്ക രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളും തിരുവനന്തപുരം നഗരസഭയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ വിലയിരുത്തി. തിരുവനന്തപുരം നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് 13 വാര്‍ഡുകളില്‍ വിവിധ പ്രവൃത്തികള്‍ നടത്തി വരുന്നുണ്ട്.

കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. 11 സര്‍ക്കിള്‍ ഓഫീസുകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുന്നത്.

മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, കൗണ്‍സിലര്‍മാര്‍, ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ, സിറ്റി പോലീസ് കമ്മീഷ്ണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, നോഡല്‍ ഓഫീസര്‍ കൂടിയായ സബ്കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഓഫ് പോലീസ് അങ്കിത് അശോകന്‍, ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ബി. അനില്‍ കുമാര്‍, സെക്രട്ടറി ശിശുപാലന്‍ കെ. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button