അവിയാന്‍ക കാര്‍ഗോയുടെ പ്രവര്‍ത്തനങ്ങള്‍ ഐ കാര്‍ഗോ സംവിധാനത്തിലേക്ക്

തിരുവനന്തപുരം: കൊളംബിയന്‍ കാര്‍ഗോ ക്യാരിയറായ അവിയാന്‍ക കാര്‍ഗോയുടെ പ്രവര്‍ത്തനങ്ങള്‍ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐ കാര്‍ഗോ സംവിധാനത്തിലേക്ക്.

അവിയാന്‍ക കാര്‍ഗോയുടെ ഓപ്പറേഷനുകളും സെയ്ല്‍സ് മാനേജ്മെന്‍റും ഐ കാര്‍ഗോ സംവിധാനത്തിലേക്ക് പൂര്‍ണമായും മാറ്റി.

അവിയാന്‍കയുടേയും മെക്സിക്കന്‍ എയര്‍ലൈനായ ഏയ്റോയൂണിയന്‍ ഉള്‍പ്പെടെയുള്ള മറ്റ് അനുബന്ധ എയര്‍ലൈനുകളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഒരൊറ്റ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടുവരാന്‍ ഇതോടെ സാധിക്കും.

ഐകാര്‍ഗോ വെബ് പോര്‍ട്ടല്‍ പോലെയുള്ള വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ച് അവിയാന്‍കയുടെ കാര്‍ഗോ സെയ്ല്‍സ് മെച്ചപ്പെടുത്തുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ കാര്‍ഗോ സെയ്ല്‍സ് ട്രാക്കിംഗിനും എപ്പോഴും ലഭ്യമായ ഡിജിറ്റല്‍ ചാനലും ഈ സംവിധാനത്തിലൂടെ സാധ്യമാകും.

വിവിധ കമ്പനികളെ ഏറ്റെടുക്കുകയും ചില കമ്പനികളുമായി ലയിക്കുകയും വഴി വളര്‍ന്നുവന്ന അവിയാന്‍കയുടെ ഏറ്റവും വലിയ വെല്ലുവിളി സങ്കീര്‍ണമായ ഒട്ടേറെ സംവിധാനങ്ങളുടെ ഏകോപനമായിരുന്നു. ഐ കാര്‍ഗോ പ്രവര്‍ത്തന സജ്ജമായതോടെ ഈ പരിമിതി മറികടക്കാന്‍ അവിയാന്‍കയ്ക്ക് കഴിഞ്ഞു.

അവിയാന്‍കയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണ് ഐ കാര്‍ഗോയുടെ വിന്യാസമെന്ന് അവിയാന്‍ക കാര്‍ഗോ സിഇഒ ഗബ്രിയേല്‍ ഒലിവ പറഞ്ഞു. ഐബിഎസുമായുള്ള പങ്കാളിത്തം ഏറെ ആവേശം നല്‍കുന്നു.

ഉപഭോക്താക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും മെച്ചപ്പെട്ട ഡിജിറ്റല്‍ സേവനം ലഭ്യമാക്കാനും ഡിജിറ്റല്‍ മുന്നേറ്റത്തിന് ഊര്‍ജ്ജം പകരാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലുതും മികച്ചതുമായ കാര്‍ഗോ ക്യാരിയറുകളില്‍ ഒന്നായ അവിയാന്‍കയുമായി കൈകോര്‍ക്കാനായത് ഐബിഎസിന് അഭിമാനകരമാണെന്ന് ഐബിഎസ് എയര്‍ലൈന്‍ കാര്‍ഗോ വിഭാഗം മേധാവി അശോക് രാജന്‍ പറഞ്ഞു.

സങ്കീര്‍ണമായവയെ ഏകീകരിച്ച് സുഗമമാക്കുന്നതിനുള്ള ഐബിഎസ് സോഫ്റ്റ് വെയര്‍ ബിസിനസ് വിദഗ്ധരുടെ വിജയം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button