
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനത്തിലിരുന്ന് ഇനി കുട ചൂടിയാൽ പിടിവീഴും. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി.
സംസ്ഥാനത്ത് കുടചൂടിയുള്ള ഇരുചക്ര വാഹന യാത്രകളെ തുടര്‍ന്നുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്.
വാഹനം ഓടിക്കുമ്പോൾ കുടപിടിക്കുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കുട പിടിച്ച് നടന്നു പോകുമ്പോൾ പോലും കാറ്റടിച്ചാൽ നിയന്ത്രണം നഷ്ടമാകുമെന്നിരിക്കേ, വാഹനം സഞ്ചരിക്കുന്ന സമയത്ത് ഇത് അത്യന്തം അപകടകരമായ അവസ്ഥയുണ്ടാക്കും.
വാഹനം സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗവും കൂട്ടുമ്പോൾ ആകെ കിട്ടുന്ന വേഗത്തിലായിരിക്കും അത് അനുഭവപ്പെടുന്നത്.
വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററും കാറ്റിന്റേത് 30 കിലോമീറ്ററും ആണെങ്കിൽ അത് കുടയിൽ ചെലുത്തുന്നത് മണിക്കൂറിൽ 70 കിലോമീറ്റർ വേഗമായിരിക്കും. കുടയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മർദ്ദവും കൂടും.
ഒരു മനുഷ്യനെ വാഹനത്തിൽനിന്ന് പുറത്തേക്കു തെറിപ്പിക്കാനോ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാനോ ഇത് ഇടയാക്കും. ഓടിക്കുന്ന ആൾ തന്നെയാണ് കുട പിടിക്കുന്നതെങ്കിൽ അത് മൂലമുണ്ടാകുന്ന നിയന്ത്രണ നഷ്ടം ഇരട്ടിക്കും.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 177.എ പ്രകാരം ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹമാണ്. ആയിരം രൂപ മുതല്‍ 5000 രൂപ വരെ പിഴ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതേസമയം ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തവില്‍ പിഴയെക്കുറിച്ചുള്ള വ്യക്ത വരുത്തിയിട്ടില്ല.