ഏപ്രിലില്‍ ബാങ്കുകള്‍ അടഞ്ഞ് കിടക്കുന്നത് 15 ദിവസം

ന്യൂഡല്‍ഹി: പ്രാദേശിക അവധികളും ദേശീയ അവധികളും കൂട്ടമായി എത്തുന്നതോടെ ഏപ്രില്‍ മാസത്തില്‍ ദേശവ്യാപകമായി ബാങ്കുകള്‍ 15 ദിവസം അടഞ്ഞുകിടക്കും.

വാരാന്ത്യ അവധികളും രണ്ടും നാലും ശനിയാഴ്ചകളിലെ അവധികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസമായതിനാല്‍ ബാങ്ക് അവധികള്‍ ഉപയോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കും.

മുന്‍ വര്‍ഷത്തെ കണക്കുകള്‍ ക്ലോസ് ചെയ്യുന്നതിന് ഒന്നാം തീയതി ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും കസ്റ്റമര്‍ സര്‍വീസ് ഉണ്ടാകില്ല.

നാലാം തീയതി മഹാവീര്‍ ജയന്തിയാണ്. അഞ്ചിന് ബാബു ജഗ്ജീവന്‍ റാം ജന്മദിനവും. ഈ ദിവസങ്ങളില്‍ കേരളത്തിലെ ബാങ്കുകള്‍ക്ക് അവധിയില്ല.

എന്നാല്‍ ദുഖവെള്ളിയായ ഏഴാം തീയതി കേരളത്തില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ദുഖശനിക്ക് ബാങ്ക് അവധി പതിവല്ലെങ്കിലും എട്ടാം തീയതി രണ്ടാം ശനിയാഴ്ച്ച ആയതിനാല്‍ അന്നും അവധിയാണ്.

അടുത്ത ദിവസം ഞായറാഴ്ച്ചയിലെ പതിവ് അവധികൂടി ചേര്‍ന്നാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അടഞ്ഞു കിടക്കും.

ഏപ്രില്‍ 14 ന് ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ജയന്തിയാണ്. തൊട്ടടുത്ത ദിവസം വിഷുവും.

ഞായറാഴ്ച്ച പതിവ് വാരാന്ത്യ അവധിയുമായതിനാല്‍ ഈ ആഴ്ച്ചയിലെ അവസാന മൂന്ന് ദിവസവും ബാങ്കുകള്‍ അടഞ്ഞ് തന്നെയായിരിക്കും.

18ന് ശബ്ല്‍ഖദ്ര്‍. കേരളത്തില്‍ അവധിയില്ല. എന്നാല്‍ 21ന് ഈദ്ഉല്‍ഫിത്തറും 22ന് റംസാനുമാണ്. ഈ രണ്ട് ദിവസങ്ങളിലും ബാങ്കുകള്‍ തുറക്കില്ല.

23ന് ഞായറാഴ്ച്ച ആയതിനാല്‍ ഈ ആഴ്ച്ചയിലും തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും.

കേരളത്തില്‍ 11 അവധികളാണെങ്കിലും നാലെണ്ണം മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള അവധികളാണ്. ഇത് കേരളത്തില്‍ ബാധകമാകില്ല.

ബാങ്കുകള്‍ തുറക്കില്ലെങ്കിലും ഈ ദിവസങ്ങളില്‍ എടിഎമ്മുകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. കൂടാതെ മൊബൈല്‍ ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ വഴിയും പണമിടപാടുകള്‍ നടത്താം.

Exit mobile version