ന്യൂഡൽഹി: ചൈനയിൽ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന BF.7 ഉപവകഭേദത്തിന്‍റെ മൂന്നു കേസുകൾ കൂടി ഇന്ത്യയിൽ സ്ഥിരീകരിച്ചു.
കോവിഡ് വകഭേദമായ ഒമിക്രോണിന്‍റെ ഉപവകഭേദമാണ് BF.7. ഗുജറാത്തിൽ രണ്ടും ഒഡീഷയിൽ ഒരു കേസുമാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ വകഭേദത്തിന്‍റെ ആദ്യ കേസ് ഒക്ടോബറിൽ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് റിസർച്ച് സെന്‍റർ കണ്ടെത്തിയിരുന്നു.
അതേസമയം, വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ജാഗ്രത കൂട്ടാന്‍ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിര്‍ദേശം നൽകി.
ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോഴും കോവിഡ് ഭീതി നിലനില്‍ക്കുന്നുണ്ടെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷം മന്ത്രി അറിയിച്ചു. വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിവില്ലെന്ന് യോഗം തീരുമാനിച്ചു.
പകരം മാസ്ക് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തമാക്കും. വാക്സിനേഷന്‍റെ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാത്തവരെ ഇതിന് പ്രോത്സാഹിപ്പിക്കും. കോവിഡ് ജാഗ്രത കൂട്ടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.
അമേരിക്ക, ജപ്പാന്‍, ചൈന, ബ്രസീല്‍ അടക്കമുള്ള പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചത്.
ആരോഗ്യ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.