ഡാം തുറന്നപ്പോൾ കൂറ്റൻ മീനുകളുടെ പ്രളയം; മുന്നറിയിപ്പുമായി പൊലീസ്

തെന്മല: തുറന്നുവിട്ട ഡാമിൽ നിന്ന് കുത്തിയൊഴുകി എത്തുന്ന വെള്ളത്തിൽ ചാടി മീൻപിടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്.

ഇത്തരത്തിലുള്ള മീൻ പിടിത്തം ജീവൻ തന്നെ അപകടത്തിലാക്കാമെന്നും അതിനാൽ ഒഴിവാക്കണം എന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. മീൻപിടിത്തം പൊലീസ് നിരോധിച്ചിട്ടുമുണ്ട്.

എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ തെന്മല ഡാമിന് സമീപത്തെ സാഹസിക മീൻപിടിത്തം തുടരുകയാണ്.

പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള തിരുവനന്തപുര- ചെങ്കോട്ട പാതയിലെ പാലത്തില്‍ നിന്നാണ് യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്നത്. ഡാമിൽ നിന്ന് കേവലം 500 മീറ്റർ താഴെയാണിത്.

ഷട്ടർ തുറന്നതോടെ കുതിച്ചൊഴുകിയ വെള്ളത്തിനൊപ്പം കൂറ്റൻ മീനുകളും പുറത്തേക്ക് ചാടും. വീഴ്ചയുടെ ആഘാതത്തിൽ ഇവയിൽ ഒട്ടുമുക്കാലും മിനിട്ടുകൾക്കുള്ളിൽ ചത്തുപൊങ്ങും. ഇവ ഒഴുകിവരുന്നത് ദൂരെനിന്നുതന്നെ കാണാം.

ഇത് ലക്ഷ്യമിട്ടാണ് ആളുകള്‍ പുഴയിലേക്ക് ചാടുന്നത്. മീനുകളെ പിടിച്ചതിനു ശേഷം നീന്തി കരയ്ക്ക് കയറും. നൂറുകണക്കിന് മീനുകളെയാണ് ഇത്തരത്തിൽ യുവാക്കൾ പിടിച്ചത്.

മീൻപിടിത്തത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ മീനുകളെ ചോദിക്കുന്ന വിലകൊടുത്ത് സ്വന്തമാക്കാൻ ആളുകൾ ക്യൂവാണ്. ഇതാണ് മീൻപിടിത്തം കൂടാൻ കാരണം.

ചില മീനുകൾ ഇരുപതുകിലോയോളം വരും. പുഴയെക്കുറിച്ച് നന്നായി അറിയാവുന്ന സ്ഥലവാസികളാണ് പുഴയിലേക്ക് ചാടുന്നത്. കാലങ്ങളായി തുടർന്നുവരുന്ന മീൻപിടിത്തം നാട്ടുകാർക്ക് ഹരമാണ്.

എങ്കിലും ഡാമിലെ കുത്തൊഴുക്കും വളരെ ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് വീഴുന്നതിന്റെ ആഘാതവും ജീവന് ഭീഷണിയായേക്കാമെന്നാണ് സമീപവാസികൾ ഉൾപ്പടെയുള്ളവർ പറയുന്നത്.

കനത്ത മഴയെത്തുടർന്നുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ തെന്മല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിക്കുകയായിരുന്നു ലക്ഷ്യം. ഷട്ടര്‍ തുറന്നതിനു പിന്നാലെ വലിയ അളവിലുള്ള ജലമാണ് കല്ലടയാറ്റിലെത്തിയത്.

Back to top button