
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗ ഭീഷണിക്കിടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കമാകും. കേന്ദ്ര ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ നാലാമത് ബജറ്റാണിത്.
ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത ശേഷം ധനമന്ത്രി കഴിഞ്ഞ വർഷത്തെ സാന്പത്തിക സർവേ അവതരിപ്പിക്കും.
എല്ലാ വർഷവും ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി അവതരിപ്പിക്കുന്ന സാന്പത്തിക സർവേയിൽ രാജ്യത്തിന്റെ സന്പദ്ഘടന നേരിടുന്ന പ്രധാന വെല്ലുവിളികളും പരിഹാരമാർഗങ്ങളുമാണുണ്ടാവുക.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ഫെബ്രുവരി രണ്ടിന് തുടങ്ങി 11ന് അവസാനിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പാർലമെന്റിന്റെ ഇരു സഭകളും വ്യത്യസ്ത സമയങ്ങളിലാകും ഒത്തുചേരുക.
പാർലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളുടെ ആദ്യ പകുതിയിൽ രാജ്യസഭയും രണ്ടാം പകുതിയിൽ ലോക്സഭയും സമ്മേളിക്കും.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ പത്തു സമ്മേളനങ്ങളും മാർച്ച് 14 മുതൽ ആരംഭിക്കുന്ന രണ്ടാം പകുതിയിൽ 19 സമ്മേളനങ്ങളും ഉണ്ടാകും.
കോവിഡ് രോഗ വ്യാപനത്തിനുശേഷമുള്ള ആറാമത് ബജറ്റ് സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്.