തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തൊഴിലിടങ്ങൾ കൂടുതൽ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ തൊഴിൽവകുപ്പ് നടപ്പാക്കുമെന്നും തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കേരളത്തിലെ സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കൽ തുടങ്ങി വിവിധ പ്രശ്‌നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികൾക്ക് മാത്രമായി ഒരു കോൾ സെന്റർ സംവിധാനം സംസ്ഥാന തൊഴിൽ വകുപ്പ് ‘സഹജ’ എന്ന പേരിൽ സജ്ജീകരിക്കും.

സ്ത്രീ തൊഴിലാളികൾക്ക് അവരുടെ തൊഴിലിടങ്ങളിലെ ഏത് പ്രശ്‌നവും വനിത കോൾ സെന്റർ എക്‌സിക്യുട്ടീവിനെ രാവില 10 മുതൽ വൈകീട്ട് 5 മണി വരെയുള്ള സമയത്ത് നേരിട്ട് വിളിച്ച് അറിയിക്കാം.

180042555215 ആണ് ടോൾ ഫ്രീ നമ്പർ. ഈ നമ്പറിലേക്ക് വിളിച്ചാൽ ആവശ്യമായ നിർദ്ദേശങ്ങൾ കോൾ സെന്റർ എക്‌സിക്യൂട്ടീവ് നൽകുന്നതോടൊപ്പം പരാതി ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്യും.

അത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ മെസേജായി പരാതി നൽകിയ തൊഴിലാളിക്ക് ലഭിക്കുകയും ചെയ്യും. തൊഴിലാളി ആഗ്രഹിക്കുന്നെങ്കിൽ അവരുടെ ഐഡന്റിറ്റി വെളിവാക്കാതെ ഈ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ മുഖേന നടപ്പിലാക്കുന്നുണ്ട്.

തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളിലെ പരാതി ശ്രദ്ധയിപ്പെട്ടാൽ, അതിനാവശ്യമായിട്ടുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതിനുള്ള സംവിധാനവും തൊഴിൽ വകുപ്പ് ഒരുക്കും.
ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന് ക്യാമ്പയിനുകളും സ്‌പെഷ്യൽ ഡ്രൈവുകളും നടത്തും.

രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ക്യാംപെയിനിൽ പുതിയ രജിസ്‌ട്രേഷൻ കൂടാതെ നിലവിലെ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക മെമ്പർ ഷിപ്പ് തുക ഗഡുക്കളായി ഒടുക്കുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ രംഗത്തെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിനുള്ള ബില്ല് സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഏജൻസികളെ ലൈസൻസിന്റെ പരിധിയിൽ കൊണ്ടുവരുന്നതും തൊഴിലാളി/ തൊഴിലുടമ ബന്ധം നിർബന്ധമായും കരാറിന്റെ പരിധിയിൽ കൊണ്ടുവരുന്നതുമടക്കമുള്ള നടപടികൾ ഉടനെ തന്നെ സംസ്ഥാന സർക്കാർ സ്വീകരിക്കും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങി വെച്ച ഒരു പ്രധാന നടപടിയായിരുന്നു തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിടങ്ങൾ ഉറപ്പാക്കുക എന്നത്. 2018-ലെ KS&CE നിയമ ഭേദഗതി ഓർഡിനൻസ് വകുപ്പ് 21 (ബി) പ്രകാരം തൊഴിലാളികൾക്ക് ജോലി സ്ഥലത്ത് ഇരിക്കുന്നതിനുളള ഇരിപ്പിട സൗകര്യം തൊഴിലുടമ ഏർപ്പെടുത്തി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ഉറപ്പു വരുത്തുന്നതിനായി തൊഴിൽ വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കും. ഇത് സംബന്ധിച്ച ഒരു ക്യാമ്പയിനും തുടക്കമിടും.

Related Articles

Back to top button