കൽപ്പറ്റ: കോടതിയിലുള്ള കേസിന്റെ നടപടികൾ പൂർത്തിയാകുന്നതുവരെ കുടിശികയുള്ളയാളുടെ വീട്ടിൽ പോയി തുക അടക്കണമെന്ന് ഭീഷണിപ്പെടുത്താനുള്ള അധികാരം ബാങ്കുദ്യോഗസ്ഥർക്കില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കോടതി ഉത്തരവിന് അനുസൃതമായി വായ്പാ റിക്കവറി നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് മീനങ്ങാടി ശാഖാ മാനേജർക്ക് ഉത്തരവ് നൽകി.
മീനങ്ങാടി സ്വദേശി കെ.വി. ജോയി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2018 ഒക്ടോബർ 31 ന് കാനറാ ബാങ്ക് മീനങ്ങാടി ശാഖാ മാനേജരും രണ്ട് ഉദ്യോഗസ്ഥരും വീട്ടിലെത്തി ബാങ്കിൽ പണമടയ്ക്കണമെന്ന് പറഞ്ഞ് തന്റെ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഭാര്യയുടെ അനുവാദമില്ലാതെ അവരുടെ ചിത്രം ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. തനിക്ക് കാനറാ ബാങ്കിൽ ഉണ്ടായിരുന്ന വായ്പ 2006 ൽ കേന്ദ്ര കടാശ്വാസ നിയമപ്രകാരം എഴുതി തള്ളിയതാണെന്നും പരാതിക്കാരൻ അറിയിച്ചു.
പരാതിക്കാരന്റെ ലോൺ ഭാഗികമായി മാത്രമാണ് എഴുതി തള്ളിയതെന്നും ബാക്കി തുക ബാധ്യതയായുണ്ടെന്നും ബാങ്ക് മാനേജർ കമ്മീഷനെ അറിയിച്ചു.
ബാങ്കിന്റെ അദാലത്തിൽ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് പരാതിക്കാരന്റെ വീട്ടിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇത് സംബന്ധിച്ച് കോടതിയിൽ കേസുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു. തനിക്ക് നോട്ടീസ് നൽകാതെ വീട്ടിൽ അതിക്രമിച്ച് കയറിയത് ശരിയല്ലെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.