ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ജൂണ്‍ 30 നകം നടപ്പാക്കാൻ നിര്‍ദേശം

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30 നകം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ കാംപെയ്നിന്റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയത്.

നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണം. രാജ്യത്തെ 4704 നഗര തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനോടകം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

ബാക്കി 2100 തദ്ദേശ സ്ഥാപനങ്ങള്‍ ഇത് നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. മിന്നല്‍ പരിശോധനകള്‍ നടത്തിയും, പിഴ ചുമത്തിയും നടപടികള്‍ കര്‍ശനമാക്കണമെന്നും കേന്ദ്രം നല്‍കിയ വിശദമായ മാര്‍ഗ നിര്‍ദേശങ്ങളിലുണ്ട്.

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ ബഡ്സുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, പോളിസ്റ്റൈറീന്‍ തെര്‍മോകോള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, തീന്‍മേശയില്‍ ഉപയോഗിക്കുന്ന ഫോര്‍ക്ക്, തവികള്‍, കത്തികള്‍, സ്ട്രോകള്‍, മധുര പലഹാരം പൊതിയുന്നതിന് ഉപയോഗിക്കുന്നവ, ഇന്‍വിറ്റേഷന്‍ കാര്‍ഡുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, പ്ലാസ്റ്റിക് അല്ലെങ്കില്‍ 100 മൈക്രോണില്‍ താഴെയുള്ള പിവിസി ബാനറുകള്‍ തുടങ്ങിയവയാണ് ജൂണ്‍ അവസാനത്തോടെ നിരോധിക്കുക.

Related Articles

Back to top button