
ന്യൂഡൽഹി: കേന്ദ്ര സര്ക്കാര് ഇന്ധന വില കുറച്ചു. പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. ധനമന്ത്രി നിർമ്മല സീതാരാമനാണ് സുപ്രധാന തീരുമാനം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.
വിലക്കുറവ് ഞായറാഴ്ച രാവിലെ മുതൽ നിലവിൽ വരും. കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപ കുറയും. സംസ്ഥാന വാറ്റിൽ ആനുപാതിക കുറവ് വരുന്നതിനാലാണിത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമായി കുറയും. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമാകും.
പാചക വാതക സിലണ്ടറിന് 200 രൂപ സബ്സിഡിയും പ്രഖ്യാപിച്ചു. 12 സിലണ്ടറുകൾക്കാണ് സബ്സിഡി. പ്രധാനമന്ത്രിയുടെ ഉജ്വലപദ്ധതിക്കു കീഴിലുള്ള ഒൻപത് കോടി ആളുകൾക്കാണ് സബ്സിഡി ലഭിക്കുക.
നിർമാണ സാമഗ്രികളുടെ വില പിടിച്ചുനിർത്താൻ ഇരുന്പ്, ഉരുക്ക്, സിമന്റ് വിലകുറയ്ക്കാനുള്ള നടപടിയും സ്വീകരിച്ചതായി നിർമല സീതാരമൻ അറിയിച്ചു. സിമിന്റിന്റെ ലഭ്യത കൂട്ടി വില കുറയ്ക്കും.
സ്റ്റീലിന്റെ ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീൽ ഉൽപന്നങ്ങൾക്ക് കയറ്റുമതി തീരുവ ചുമത്തും- ധനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.
അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെയാണ് പെട്രോൾ, ഡീസൽ തീരുവ കുറയ്ക്കാൻ കേന്ദ്രം തയാറായത്. പണപെരുപ്പവും വിലക്കയറ്റവും പിടിച്ചുനിർത്താനാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നടപടി.