‘ഒരു രാജ്യം ഒരു വളം’ പുതിയ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വളം ബ്രാന്‍ഡുകള്‍ക്ക് ഏകീകരണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വളം ഉത്പന്നങ്ങൾ ഇനി മുതൽ ‘ഭാരത്’ എന്ന ഒറ്റ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.

നിര്‍ദേശം നടപ്പില്‍ വരുന്നതോടെ യൂറിയ, ഡിഎപി, എംഒപി, എന്‍പികെ തുടങ്ങിയ എല്ലാത്തരം വളങ്ങളും ‘ഭാരത് യൂറിയ’, ‘ഭാരത് ഡിഎപി’, ‘ഭാരത് എംഒപി’, എന്നിങ്ങനെ പുനര്‍നാമകരണം ചെയ്താകും വിപണിയിലെത്തുക.

കേന്ദ്രസര്‍ക്കാര്‍ രാസവളത്തിനും കമ്പനികള്‍ക്കും വര്‍ഷം തോറും സബ്‌സിഡി നല്‍കുന്ന പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജനുര്‍വരക് പരിയോജനയുടെ ബ്രാന്‍ഡ് നാമവും ലോഗോയും വളം ചാക്കുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പുതിയ ഉത്തരവ് അനുസരിച്ച് ബാഗിന്റെ മൂന്നില്‍ രണ്ട് ഭാഗം പുതിയ ബ്രാന്‍ഡ് നാമത്തിനും പിഎംബിജെപിയുടെ ലോഗോയ്ക്കും മൂന്നിലൊന്ന് നിര്‍മ്മാതാവിന്റെ/ഇറക്കുമതി ചെയ്യുന്നയാളുടെ പേര്, ഉത്പന്നത്തിന്റെ പേര്, ബ്രാന്‍ഡ് നാമം, സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി, തീയതി എന്നിവയ്ക്കായും ഉപയോഗിക്കും.

കമ്പനികളുടെ പേരുകളടങ്ങിയ നിലവിലെ ബാഗുകള്‍ വിപണിയില്‍ നിന്നൊഴിവാക്കാന്‍ ഡിസംബര്‍ 12 വരെ സമയം നല്‍കിയിട്ടുണ്ട്.

പുതിയ തീരുമാനം വളം ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യവും വിപണി വ്യത്യാസവും തകര്‍ക്കുമെന്നാണ് വളം കമ്പനികളുടെ പ്രതികരണം.

സെപ്റ്റംബർ 15 മുതല്‍ വളം കമ്പനികളുടെ പഴയ ബാഗുകള്‍ അനുവദിക്കില്ലെന്നും ഒക്ടോബര്‍ രണ്ട് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button