
തിരുവനന്തപുരം: നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളിൽ അടിമുടി മാറ്റം. ടിപിആർ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണം ഒഴിവാക്കി രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മേഖല തിരിച്ച് അടച്ചിടാൻ തീരുമാനം.
രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ പൂർണമായും അടച്ചിടും.
ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ ജില്ലയിൽ ഏഴോ എട്ടോ സ്ഥലങ്ങൾ മാത്രമാകും പൂർണമായും അടച്ചിടുകയെന്നാണു സൂചന.
ശനിയാഴ്ചത്തെ ലോക്ഡൗണ്‍ പൂർണമായി ഒഴിവാക്കി. ഞായർ മാത്രം അടച്ചിടും.
ഓഗസ്റ്റ് 15, ഓണത്തിന്റെ അവിട്ടം നാൾ എന്നീ ഞായറാഴ്ചകളിൽ ലോക്ഡൗണ്‍ ഉണ്ടാവില്ല. കടകളും വ്യാപാര സ്ഥാപനങ്ങളും ആഴ്ചയിൽ ആറു ദിവസവും തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കും.
രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ കടകൾ തുറക്കാനാകും. കടകളിലെ ജോലിക്കാർക്കും സാധനം വാങ്ങാൻ എത്തുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തി.
ഇവർ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരാകണം. അല്ലെങ്കിൽ ഒരു തവണയെങ്കിലും കോവിഡ് വന്നു പൂർണമായി ഭേദമായവരാകണം. അല്ലെങ്കിൽ സമീപ സമയത്ത് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടാകണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ലോക്ഡൗണ്‍ രീതി മാറ്റികത്കൊണ്ടുള്ള സർക്കാർ തീരുമാനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രഖ്യാപിക്കുമെന്നു അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.