25 സർക്കാർ ആശുപത്രികളിൽ കീമോ തെറാപ്പി സൗകര്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 25 സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ ചികിത്സയ്ക്കായി ദൂരത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ സമീപ ആശുപത്രികളിൽ കാൻസർ തുടർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഈ കേന്ദ്രങ്ങളിലെ സ്‌ക്രീനിംഗിലൂടെ 4972 പുതിയ കാൻസർ രോഗികളെയാണ് കണ്ടെത്തി ചികിത്സ നൽകിയത്.

ഈ കേന്ദ്രങ്ങൾ വിപുലപ്പെടുത്തി കീമോ തെറാപ്പി ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകി വരുന്നു. കൂടുതൽ ആശുപത്രികളിൽ കീമോ തെറാപ്പി സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി, തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജില്ലാ ആശുപത്രി, തൃശൂർ വടക്കാഞ്ചേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ഹോസ്പിറ്റൽ, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, കാസർഗോഡ് കാഞ്ഞങ്ങാട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കീമോതെറാപ്പി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ലഭിക്കുന്നത്.

മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ എന്നിവയുമായി സഹകരിച്ചാണ് കാൻസർ ചികിത്സ ഈ കേന്ദ്രങ്ങളിലൂടെ യാഥാർത്ഥ്യമാക്കിയത്.

ആദ്യ തവണ മെഡിക്കൽ കോളേജുകൾ, ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സയ്ക്കായി തൊട്ടടുത്തുള്ള കേന്ദ്രങ്ങളിലെത്തിയാൽ മതിയാകും.

കാൻസർ സ്‌ക്രീനിംഗ്, അനുബന്ധ കാൻസർ ചികിത്സാ സേവനങ്ങൾ, മരുന്നുകൾ, പാലിയേറ്റീവ് കെയർ സേവനങ്ങൾ എന്നിവ തൊട്ടടുത്തുള്ള ഈ ആശുപത്രികളിൽ നിന്നും ലഭിക്കും.

Related Articles

Back to top button