
ബെയ്ജിംഗ്: കടുത്ത ഊർജപ്രതിസന്ധിയിൽ വലയുന്ന ചൈനയിൽ ഡീസലിനു റേഷൻ ഏർപ്പെടുത്തി. ഉത്പാദനമേഖലയിൽ വൻ പ്രതിസന്ധിയാണ് ഇതു മൂലം ചൈന നേരിടുന്നത്. സാന്പത്തികരംഗത്തെ തകിടം മറിക്കുന്ന രീതിയിലാണ് ഊർജപ്രതിസന്ധിയെന്നാണ് സൂചനകൾ.
വിലവർധനയും ദൗർലഭ്യവും കാരണം ചൈനയിലെ പന്പുകൾ ഡീസലിനു റേഷൻ ഏർപ്പെടുത്തിത്തുടങ്ങി. ട്രക്കുകളിൽ ഇന്ധനം നിറയ്ക്കാൻ ഡ്രൈവർമാർ ഒരു ദിവസം വരെ കാത്തുകിടക്കുന്നതായിട്ടാണു റിപ്പോർട്ട്.
കൽക്കരിയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യതക്കുറവു മൂലം ചൈന നിലവിൽ ഊർജപ്രതിസന്ധിയിലാണ്. വൈദ്യുതി ഉത്പാദനം കുറഞ്ഞു. ഫാക്ടറികളിലും ഭവനങ്ങളിലും വൈദ്യുതി ലഭിക്കുന്നില്ല.
ഇതിനിടെയാണ് ഡീസൽ ലഭ്യത കുറഞ്ഞിരിക്കുന്നത്. കൽക്കരിക്കും പ്രകൃതിവാതകത്തിനും പകരം ഡീസലിനെ ആശ്രയിക്കാൻ തുടങ്ങിയതാണു പ്രതിസന്ധിക്കു കാരണം.
ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയിലെ ഇന്ധ നപ്രതിസന്ധി ആഗോള ചരക്കുനീക്കത്തെ വലുതായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ചൈനയിൽ വിലക്കയറ്റം ഉണ്ടാകുമെന്നും അത് ആഗോള വിപണിയിൽ പ്രതിഫലിക്കുമെന്നും ആശങ്കയുണ്ട്.
സംഭരണശേഷിയുടെ പത്തു ശതമാനം മാത്രം ഡീസലാണ് ഒരു ട്രക്കിനു നിലവിൽ അനുവദിക്കുന്നതെന്ന് ഹെബെയ് പ്രവിശ്യയിൽനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. ചിലയിടങ്ങളിൽ ഇതിലും താഴെയാണ് അനുവദിക്കുന്നത്. ഫുൾ ടാങ്ക് അടിക്കാൻ പന്പുകാർ ട്രക്ക് ഡ്രൈവർമാരിൽനിന്ന് അധികതുക ഈടാക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, കോവിഡ് ബാധ ശക്തമായതിനെത്തുടർന്നു ചൈനയിലെ മൂന്നു നഗരങ്ങളിൽ ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വൻ തോതിലുള്ള പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.