മന്ത്രിയുടെ സാന്നിധ്യത്തില്‍ ഐഎന്‍എല്‍ യോഗത്തില്‍ തമ്മിലടി

കൊച്ചി: ഐഎന്‍എല്‍ യോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലാണ് തമ്മിലടി നടക്കുന്നത്.

യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത്. അബ്ദുള്‍ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി.

ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂരും മന്ത്രി അഹമ്മദ് ദേവർകോവിലും ഹോട്ടലില്‍ തുടരുകയാണ്. ഇവര്‍ക്ക് എതിരെ ചീത്ത വിളികളും പ്രതിഷേധങ്ങളും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തുകയാണ്.

സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ യോഗത്തിന്‍റെ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് പറഞ്ഞു.

രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുര്‍ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂര്‍ മോശമായി പ്രതികരിച്ചെന്നും അബ്ദുള്‍ വഹാബ് ആരോപിച്ചു.

ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ യോഗത്തില്‍ വലിയ തോതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിന് പിന്നാലെയാണ് യോഗം നിര്‍ത്തിവെച്ചതായി താന്‍ അറിയിച്ചതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും തമ്മില്‍ അടിക്കുന്നവരല്ല പ്രവര്‍ത്തകരെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

അതേസമയം സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ദിവസമാണ് കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഐഎന്‍എല്‍ ഹോട്ടലില്‍ നേതൃയോഗം ചേര്‍ന്നത്.

ഹോട്ടലിന് എതിരെ കൊവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version