തിരുവനന്തപുരം: പൊതു സ്ഥലങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിനും പുനരുപയോഗി ക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യുവജന-പൊതു പങ്കാളിത്തത്തോടെ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി കേന്ദ്ര യുവജന കാര്യ മന്ത്രാലയം ആസാദി കാ അമൃത് മഹോത്സവ പരിപാടിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച ക്ലീന്‍ ഇന്ത്യാ പരിപാടിയ്ക്ക് നാളെ (2021 ഒക്ടോബര് ഒന്ന്) തുടക്കം കുറിക്കും.
ഒക്ടോബര്‍ 31 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്ലീന്‍ ഇന്ത്യ പരിപാടി നെഹ്‌റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, യൂത്ത് ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, ഹരിത കര്‍മ്മ സേന, സര്‍വീസ് സംഘടനകള്‍ തുടങ്ങിയവയുടെ കൂട്ടായ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, വിവിധ ഗവണ്മെന്റ് ഏജന്‍സികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുക.
രാജ്യവ്യാപകമായി 744 ജില്ലകളിലെ രണ്ടര ലക്ഷം ഗ്രാമങ്ങളില്‍ സംഘടിപ്പിക്കുന്ന ‘ശുചിത്വ ഭാരത’ പരിപാടിയുടെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, സ്‌കൂളുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പൊതു റോഡുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ യൂത്ത് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരിക്കും.
പൊതു ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ജലസംരക്ഷണത്തെക്കുറിച്ചു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയുമാണ് മറ്റൊരു പരിപാടി.
ക്ലീന്‍ ഇന്ത്യാ പരിപാടിക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുമായി കായിക-യുവജനകാര്യ വകുപ്പ് സെക്രട്ടറി അധ്യക്ഷയായി സംസ്ഥാനതല സമിതിയും, ജില്ലാ കലക്ടര്‍ന്മാരുടെ നേതൃത്വത്തില്‍ ജില്ലാതല സമിതികളും രൂപീകരിച്ചിട്ടുണ്ട്.
നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരാണ് ക്ലീന്‍ ഇന്ത്യാ പരിപാടിയുടെ നോഡല്‍ ഓഫീസര്‍മാര്‍.
ശുചിത്വ ഭാരത പരിപാടിയില്‍ പങ്കാളികളാകുന്നവര്‍ക്ക് കേന്ദ്ര യുവജനകാര്യ മന്ത്രാലത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വളണ്ടിയര്‍ക്കും യൂത്ത് ക്ലബ്ബിനും ഇതര സംഘടനകള്‍ക്കും പ്രതേക പുരസ്‌ക്കാരങ്ങളും നല്‍കുമെന്ന് നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ ശ്രീ. കെ കുഞ്ഞഹമ്മദ് അറിയിച്ചു.