
തിരുവനന്തപുരം: റിസോഴ്സ് സെന്റർ യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹരണത്തോടെ നടപ്പിലാക്കിയ ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പരീക്ഷയിൽ വിജയിച്ചവർക്കുള്ള സംസ്ഥാനതല സർട്ടിഫിക്കറ്റ് വിതരണം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലുമായി 740 പേർ പരീക്ഷ എഴുതിയതിൽ 587 പേർ വിജയിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഷീജ.കെ. എസ്, എ. ജോയ് എന്നിവർക്ക് മുഖ്യമന്ത്രി നേരിട്ട് അദ്ദേഹത്തിന്റെ ചേംബറിൽ വച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനാവശ്യമായ ശരിയായ വ്യായാമം, ഭക്ഷണം ഇതാണ് യോഗാഭ്യാസത്തിന്റെ പ്രത്യേകതയെന്നുn മുഖ്യമന്ത്രി പറഞ്ഞു.
യോഗ ഏതൊരു വ്യക്തിയ്ക്കും ആനന്ദകരമായ ജീവിതം പ്രദാനം ചെയ്യുന്ന ഒന്നാണെന്നും ഈ സാധ്യതകൾ മനസ്സിലാക്കി കൊണ്ടാണ് ഐക്യരാഷ്ട്രസഭ യോഗയ്ക്ക് അംഗീകാരം നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗയെ കുറിച്ച് തെറ്റിദ്ധാരണകൾ ഉയർത്തിക്കൊണ്ടു വരുവാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. ഇതിനെ ഒരു പ്രത്യേക മതവുമായി കൂട്ടി കെട്ടുവാൻ ശ്രമിക്കുന്നത് യോഗയുടെ സ്വീകാര്യത നഷ്ടപ്പെടുത്തുവാൻ കാരണമാകും.
ഒരു മതവിഭാഗത്തിൽപ്പെട്ടവരുടെയും പൊതുസ്വത്തല്ല യോഗ എന്ന് നാം തിരിച്ചറിയണം. അതുപോലെ യോഗയെ എല്ലാവരും അംഗീകരിക്കുന്ന നിലയിലേക്ക് ഉയർത്തുകയും ആവശ്യമായ പ്രചാരണം നൽകുകയും വേണം.
യോഗ അഭ്യസിക്കുവാൻ നിരവധി ആളുകൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ട്. അവരെ പഠിപ്പിക്കാൻ വേണ്ട അധ്യാപകരെ പരിശീലിപ്പിക്കുന്നതിൽ സ്വയംപര്യാപ്തത നേടേണ്ടതുണ്ട്.
യോഗ പഠനം സംസ്ഥാനത്ത് കൂടുതൽ ഭാഗങ്ങളിൽ സംഘടിപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ മുഖ്യാതിഥിയായി സ്പോർട്സ് വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ, ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡന്റ് അശോക് കുമാർ അഗർവാൾ, യോഗ അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് അഡ്വ. ബാലചന്ദ്രൻ, കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഡയറക്ടർ ഡോക്ടർ എൻ ബി സുരേഷ് കുമാർ യോഗ അസോസിയേഷൻഓഫ് കേരള ആക്ടിംഗ് സെക്രട്ടറി ഡോ. രാജഗോപാലൻ എന്നിവർ സംബന്ധിച്ചു.