സ്വപ്നയുടെയും ശിവശങ്കറിന്റെയും വിവാദ പുസ്തകങ്ങള്‍ക്ക് കോംബോ ഓഫര്‍

കൊച്ചി: മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കാനുള്ള ത്വര മനുഷ്യ സഹജമാണ്. അവിടെ ഇക്കിളിപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ ആഗ്രഹം കൂടും. ഇക്കാര്യത്തില്‍ മലയാളികളും പിന്നിലല്ല.

ഈ ബലഹീനത തന്ത്രപൂര്‍വ്വം മുതലെടുക്കാനൊരുങ്ങുകയാണ് കേരളത്തിലെ ഒരു ബുക്ക് സെല്ലര്‍ കമ്പനി. വിവാദമായ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ പ്രതികളാണ് പുസ്തക രചയിതാക്കള്‍.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ എഴുതിയ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിന് പിന്നാലെ കേസിലെ മറ്റൊരു പ്രതി സ്വപ്നാ സുരേഷിന്റെ ഇപ്പോള്‍ പുറത്തിറങ്ങിയ പുസ്തകം ‘ചതിയുടെ പത്മവ്യൂഹ’ത്തിന്റെ ഡിമാന്‍ഡ് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

ഈ അവസരം മുതലെടുത്ത് സ്വപ്നയുടെ ആത്മകഥക്കൊപ്പം ശിവശങ്കറിന്റെ അനുഭവ കഥ കൂടി ചേര്‍ത്ത് രണ്ട് പുസ്തകങ്ങള്‍ ഒന്നിച്ചു വാങ്ങിയാല്‍ കോംബോ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബുക്ക് സെല്ലര്‍ കമ്പനി. 460 രൂപയുടെ പുസ്തകങ്ങള്‍ കോംബോ ഓഫറില്‍ 415 രൂപയ്ക്ക് ലഭിക്കും.

ശിവശങ്കറുമായുള്ള പ്രണയത്തെക്കുറിച്ചും താലി കെട്ടിനെപ്പറ്റിയും വൈകാരിക ബന്ധത്തെ കുറിച്ചുമൊക്കെയാണ് സ്വപ്ന പുസ്തകത്തില്‍ വിവരിക്കുന്നത്. ശിവശങ്കറിനൊപ്പമുള്ള ചിത്രങ്ങളും സ്വപ്ന തന്റെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്യപിക്കുന്നതിന്റെയും പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്.

ചെന്നൈയിലെ ക്ഷേത്രത്തിലെത്തി താലി ചാര്‍ത്തിയ ശേഷം ശിവശങ്കറിന്റെ പാര്‍വതിയായിരുന്നു താന്‍ എന്നും സ്വപ്ന വെളിപ്പെടുത്തുന്നു. പാര്‍വതി എന്ന് സ്വന്തം കയ്യില്‍ പച്ചക്കുത്തിയതിന്റെ ചിത്രങ്ങളും സ്വപ്ന പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button